അഴിമതിവച്ചു പൊറുപ്പിക്കില്ല; കൈക്കൂലി പരാതിയില്‍ പോലീസ് സമഗ്ര അന്വേഷണം നടത്തട്ടെ: ആരോഗ്യമന്ത്രി
Wednesday, September 27, 2023 3:15 PM IST
തിരുവനന്തപുരം: തന്റെ പേഴ്സണല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന് ആരോപണത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നാഷണല്‍ ആയുഷ് മിഷനിലെ താത്ക്കകാലിക നിയമനവുമായി ബന്ധപ്പെട്ട് പണം നല്‍കിയതായി ഒരാളുടെ പരാതി ലഭിച്ചെന്ന് തന്റെ പ്രെെവറ്റ് സെക്രട്ടറി അറിയിച്ചിരുന്നു.
താനത് പൂഴ്ത്തിവച്ചില്ല. ഇക്കാര്യം രേഖാമൂലം എഴുതി വാങ്ങാനാണ് പിഎസിനോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പോലീസിന് പരാതി കെെമാറാന്‍ പ്രെെവറ്റ് സെക്രട്ടറിയോട് നിര്‍ദേശിച്ചിരുന്നതായും മന്ത്രി പറഞ്ഞി.
ജോലിക്ക് കൈക്കൂലി വാങ്ങിയ വിവാദത്തില്‍ ഈ മാസം 13ന് പരാതി ലഭിച്ചുവെന്നും അതില്‍ പേഴ്സണല്‍ സ്റ്റാഫംഗം അഖില്‍ മാത്യുവിനോട് വിശദീകരണം തേടിയെന്നും മന്ത്രി പറഞ്ഞു. ആരോപിച്ച കാര്യം തികച്ചും തെറ്റാണെന്ന് വസ്തുതകള്‍ നരത്തി അയാള്‍ വിശദീകരണം നല്‍കിയതായും വീണ പറഞ്ഞു.
വിഷയം 20ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. 23ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയിൽ സമഗ്ര അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദേശം നല്കി.
തന്റെ പ്രൈവറ്റ് സെക്രട്ടറി നല്കിയ പരാതിയും പേഴ്സണല്‍ സ്റ്റാഫ് അംഗം നല്കിയ പരാതിയും പോലീസിന് മുന്നിലുണ്ട്. വിഷയത്തില്‍ ആരാണ് തെറ്റ് ചെയ്തിട്ടുള്ളതെന്ന കാര്യം പോലീസ് അന്വേഷിച്ച് കണ്ടെത്തണം. പരാതി കൃത്യമായി അന്വേഷിക്കേണ്ടത് തന്റേയും വകുപ്പിന്റേയൂം കൂടി ആവശ്യമാണ്.
പരാതിക്കാരനായ ഹരിദാസന് പോലീസിനെ സമീപിച്ചോ എന്നത് തനിക്കറിയില്ല. വകുപ്പിന് ലഭിച്ച പരാതി പോലീസിന് കൈമാറിയിട്ടുണ്ട്. പേഴ്സണല്‍ സ്റ്റാഫ് അംഗത്തോട് വിശദീകരണം തേടുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിയമനടപടി സ്വീകരിക്കണമെന്നാണ് നിലപാടെന്നും മന്ത്രി പറഞ്ഞു.
സിഐടിയു ഓഫീസുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയതിന് പാര്‍ട്ടി നടപടിയെടുത്ത ആളാണ് ഇടനില നിന്നതെന്നാണ് ആരോപണം ഉയര്‍ന്നത്. പാര്‍ട്ടി പുറത്താക്കിയ ആളാണ് അഖില്‍ സജീവെന്ന് മന്ത്രി പറഞ്ഞു.
താത്ക്കാലിക നിയമനത്തിനായി മന്ത്രി ഓഫീസില്‍ നിന്നും മെയില്‍ പോയിട്ടില്ല. എല്ലാം പോലീസ് അന്വേഷിക്കണം. ആരോപണം തെറ്റാണെങ്കിലും ശരി ആണെങ്കിലും അന്വേഷിക്കട്ടെ. കുറ്റം ചെയ്തവര്‍ സംരക്ഷിക്കപ്പെടില്ലെന്നും വീണ കൂട്ടിച്ചേര്‍ച്ചത്തു.
നേരത്തെ, ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫായ അഖില്‍ മാത്യു കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
മലപ്പുറം സ്വദേശി ഹരിദാസന് ആണ് പരാതി നല്‍കിയത്. അഖില്‍ മാത്യു ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. ഇതിന് പുറമേ ഇടനിലക്കാരനായ പത്തനംതിട്ട സിഐടിയു മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവ് 25,000 രൂപ വാങ്ങിയെന്നും പരാതിയില്‍ പറയുന്നു.