നടക്കാത്ത ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത് എന്തിനാണ്; ദൗത്യസംഘം അനിവാര്യമല്ലെന്ന് സി.വി.വർഗീസ്
Wednesday, September 27, 2023 7:42 PM IST
ഇടുക്കി: മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. കൈയേറ്റങ്ങൾ കണ്ടെത്താൻ മാത്രമാണ് കോടതി നിർദ്ദേശിച്ചതെന്നും വർഗീസ് ചൂണ്ടിക്കാട്ടി.
മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ദൗത്യസംഘത്തെ നിയോഗിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.
ഇപ്പോഴത്തെ സാഹചര്യത്തിൽ മൂന്നാറിൽ ദൗത്യസംഘം അനിവാര്യമല്ലെന്ന് അഭിപ്രായപ്പെട്ട വർഗീസ് കയ്യേറ്റം ഒഴിപ്പിക്കാനല്ല, ഈ പറഞ്ഞ പ്രദേശങ്ങളിൽ മറ്റു മാർഗങ്ങളില്ലാതെ വീടുവച്ചും മറ്റും താമസിക്കുന്ന ആളുകളുണ്ടോയെന്ന് പരിശോധിക്കാണ് കോടതി നിർദേശിച്ചതെന്നും പറഞ്ഞു.
ആ പരിശോധനയ്ക്കായി വരുന്നവരാണോ ദൗത്യസംഘം എന്നും എല്ലാം ഇടിച്ചുപൊളിക്കുന്നതിനു വേണ്ടിയാണോ അവർ വരുന്നതെന്നും വർഗീസ് ചോദിച്ചു.
ഇടിച്ചുപൊളിക്കലൊന്നും നടക്കുന്ന കാര്യമല്ലെന്നും അവിടെ പൊളിക്കുന്ന പ്രശ്നമില്ലല്ലോ. നടക്കാത്ത ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത് എന്തിനാണ് എന്നും സിപിഎം ജില്ലാസെക്രട്ടറി ചോദിച്ചു.
മൂന്നാർ മേഖലയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ രണ്ടു ദിവസത്തിനകം പുതിയ ദൗത്യസംഘത്തിനു രൂപം നൽകി ഉത്തരവിറക്കുമെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
മൂന്നാർ മേഖലയിൽ 310 കയ്യേറ്റങ്ങൾ കണ്ടെത്തിയതായും അതിൽ 70 കേസുകളിൽ അപ്പീൽ നിലവിലുണ്ടെന്നും സർക്കാർ അറിയിച്ചിരുന്നു. അപ്പീലുകളിൽ ജില്ലാ കലക്ടർ രണ്ടു മാസത്തിനുള്ളിൽ തീരുമാനമെടുക്കും.
ശേഷിക്കുന്ന കേസുകളിൽ കൈയേറ്റങ്ങൾ സമയബന്ധിതമായി ഒഴിപ്പിക്കുകയാണ് ദൗത്യസംഘത്തിന്റെ ചുമതലയെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.