കോടതിയിൽ പോകുമ്പോൾ സർക്കാരിന്റെ ആശയകുഴപ്പം മാറും; മുഖ്യമന്ത്രിക്ക് ഗവർണറുടെ മറുപടി
Wednesday, September 27, 2023 11:04 PM IST
തിരുവനന്തപുരം: ബില്ലുകൾ തടഞ്ഞുവച്ച നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോടതിയിൽ പോകുമ്പോൾ സംസ്ഥാന സർക്കാരിന്റെ ആശയകുഴപ്പം മാറുമെന്നും ഗവർണർ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിക്കിടെ നിയമോപദേശത്തിന് മാത്രമായി സർക്കാർ 40 ലക്ഷം രൂപ ചെലവഴിച്ചു. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പണം ഇല്ലാത്തപ്പോൾ ആണ് ഇത്രേയധികം പണം ചെലവഴിച്ചതെന്നും ഗവർണർ കുറ്റപ്പെടുത്തി.
സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾ തടഞ്ഞുവയ്ക്കുന്നതാണ് സർക്കാരിനെ സുപ്രീം കോടതിയിലേക്ക് പോകാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. നിയമപരമായ മാർഗങ്ങൾ തേടുകയല്ലാതെ മറ്റൊന്നും സർക്കാരിന് ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി വാദിക്കാൻ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാലിന്റെ സേവനം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.