ലോകകപ്പിൽ കിരീട സാധ്യത ഇന്ത്യക്കും ഇംഗ്ലണ്ടിനും: സ്റ്റെയിൻ
Thursday, September 28, 2023 2:38 AM IST
കേപ്ടൗൺ: ഈ വർഷത്തെ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ കിരീടസാധ്യത ആതിഥേയരായ ഇന്ത്യക്കും ഇംഗ്ലണ്ടിനും ആണെന്ന് ദക്ഷിണാഫ്രിക്കൻ മുൻ പേസർ ഡെയ്ൽ സ്റ്റെയിൻ. എന്നാൽ ദക്ഷിണാഫ്രിക്ക കിരീടം ഉയർത്തണമെന്നാണ് ഹൃദയം കൊണ്ട് ആഗ്രഹിക്കുന്നതെന്നും സ്റ്റെയിൻ പറഞ്ഞു.
ലോകകപ്പിൽ ഏറ്റവും ഫേവറിറ്റ് ഇന്ത്യയാണെന്ന് കരുതുന്നു. ഇന്ത്യ ഫൈനലിസ്റ്റുകളിൽ ഒന്നാകുമെന്നാണ് തോന്നുന്നത്. എന്നാൽ ദക്ഷിണാഫ്രിക്കൻ ഫൈനൽ കളിക്കണമെന്ന് ആഗ്രഹിക്കുന്നു. ദക്ഷിണാഫ്രിക്കൻ ടീമിലെ പല കളിക്കാരും ഐപിഎൽ കളിക്കുന്നുണ്ട്. ഡേവിഡ് മില്ലറെയും ഹെൻറിച്ച് ക്ലാസനെ പോലെയുള്ള നല്ല കളിക്കാർ ടീമിലുണ്ടെന്നും മുൻ പേസർ പറഞ്ഞു.
അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ആദ്യ സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ നേരിടും.