തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ മഴ ശക്തമാകുമെന്ന അറിയിപ്പിന് പിന്നാലെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍. അടുത്ത നാലു ദിവസത്തേക്ക് സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂര്‍, കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ കേരളത്തിലെ മലയോര മേഖലയില്‍ മഴ ശക്തമാകുമെന്നതിനാല്‍ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

വെള്ളിയാഴ്ച സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടിന് സാധ്യതയുണ്ടെന്നും അധികൃതര്‍ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. അന്നേ ദിവസം ആന്‍ഡമാന്‍ ഭാഗത്ത് ചക്രവാതച്ചുഴി രൂപപ്പെടുമെന്നും 24 മണിക്കൂറിനകം ഇത് ന്യൂനമര്‍ദമായി മാറുമെന്നും അറിയിപ്പിലുണ്ട്.