മുട്ടിൽ മരംമുറി കേസ്; പിഴ ചുമത്തി റവന്യു വകുപ്പ്
Thursday, September 28, 2023 9:20 AM IST
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ കുറ്റക്കാർക്കെതിരെ പിഴ ചുമത്തി റവന്യു വകുപ്പ്. കേസിലെ മുഖ്യപ്രതി റോജി അഗസ്റ്റിൻ അടക്കമുള്ളവർ, അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട 35 കേസുകളിലായി എട്ട് കോടിയോളം രൂപ പിഴ നൽകണമെന്ന് റവന്യു വകുപ്പ് ഉത്തരവിറക്കി.
റോജി അടക്കമുള്ളവർ വെട്ടിക്കടത്തിയ മരങ്ങൾ നിന്നിരുന്ന ഭൂമിയുടെ ഉടമകളും പിഴ ഒടുക്കണമെന്ന് റവന്യു വകുപ്പ് അറിയിച്ചു. വെട്ടിക്കടത്തിയ മരങ്ങളുടെ വിലയുടെ മൂന്ന് മടങ്ങ് വരെയുള്ള തുകയാണ് പിഴയായി ഈടാക്കുക.
30 ദിവസത്തിനുള്ളിൽ പിഴ ഒടുക്കണമെന്നും ഇത് ചെയ്യാത്ത പക്ഷം പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരമാണ് നടപടിയെന്നും മരംമുറിയുമായി ബന്ധപ്പെട്ട കൂടുതൽ കേസുകളിൽ ഉടൻ പിഴ നോട്ടീസ് നൽകുമെന്നും റവന്യു വകുപ്പ് അറിയിച്ചു.