ലഹരിക്കേസിൽ പഞ്ചാബ് കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ
Thursday, September 28, 2023 9:37 AM IST
അമൃത്സർ: ലഹരിമരുന്ന് കേസിൽ പഞ്ചാബിലെ കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിംഗ് ഖൈര അറസ്റ്റിൽ.
ഭോലാത് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയും അഖിലേന്ത്യാ കർഷക കോൺഗ്രസിന്റെ അധ്യക്ഷനുമായ ഖൈരയെ ഇന്ന് രാവിലെ ആറരയോടെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. ഛണ്ഡിഗഡിലെ ജലാലാബാദ് മേഖലയിലെ ഖൈരയുടെ വസതിയിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈകട്രോപിക് സബ്സ്റ്റൻസസ്(എൻഡിപിഎസ്) ആക്ട് പ്രകാരം വർഷങ്ങൾക്ക് മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റെന്ന് പോലീസ് അറിയിച്ചു.
അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ച ഖൈര, സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. താൻ കുറ്റക്കാരനല്ലെന്നും പഞ്ചാബിലെ ആം ആദ്മി സർക്കാരിനെതിരെ പ്രതികരിച്ചതിനാലാണ് ഈ നടപടികളെന്നും ഖൈര പറഞ്ഞു.