പത്തനംതിട്ടയിൽ അവശനിലയില്‍ കണ്ടെത്തിയ കടുവ ചത്തു
Thursday, September 28, 2023 3:19 PM IST
പത്തനംതിട്ട: കട്ടച്ചിറയില്‍ വഴിയരികില്‍ അവശനിലയില്‍ കണ്ടെത്തിയ കടുവ ചത്തു. ചികിത്സ നല്കാന് വനംവകുപ്പ് ഏറ്റെടുത്തെങ്കിലും രക്ഷിക്കാനായില്ല. കടുവയുടെ ജഡം കോന്നി വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മറവ് ചെയ്യുമെന്ന് വനംവകുപ്പ് അധികൃതർ അ
രാവിലെ പത്ര വിതരണത്തിനു പോയവരാണ് ഒന്നര വയസ് പ്രായമുണ്ടെന്നു കരുതപ്പെടുന്ന കടുവക്കുട്ടിയെ അവശനിലയില്‍ കണ്ടത്. നെറ്റിയിലും കഴുത്തിനു പിന്നിലും പരിക്കേറ്റിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കടുവയെ പ്ലാപ്പള്ളിയിലെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. വനംവകുപ്പ് ഡോക്ടര്‍മാരുടെ സംഘം കടുവക്കുട്ടിയെ പരിശോധിക്കുകയും ചെയ്തിരുന്നു.
ജീവന് രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പരിക്ക് ഏറെ ഗുരുതരമുള്ളതാകയാല് കടുവ ചത്തുപോവുകയായിരുന്നു.തുടര്‍ന്ന് കടുവയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോന്നിയിലെ വനംവകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോയി.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ യഥാര്‍ഥ മരണകാരണം വ്യക്തമാവൂ. കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം കടുവയ്ക്ക് പരിക്കേറ്റത് എന്നാണ് നിഗമനം. പരിസരത്തുനിന്ന് ആനപ്പിണ്ടവും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം കടുവക്കുഞ്ഞിനെ കണ്ടെത്തിയതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. തള്ളക്കടുവയും മറ്റു കടുവകളും പ്രദേശത്ത് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മറ്റു കടുവകള്‍ക്കായി വനപാലകര്‍ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. മണിയാര്‍ പോലീസ് ക്യാന്പിന്റെ പരിസരങ്ങളിലും കട്ടച്ചിറ ഭാഗങ്ങളിലും ഒരു വര്‍ഷത്തിനിടെ നിരവധി തവണ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.