"പണം കൈമാറിയ ദിവസം പത്തനംതിട്ടയിൽ'; നിയമനക്കോഴയിൽ മറുതെളിവുമായി മന്ത്രിയുടെ പിഎസ്
Thursday, September 28, 2023 3:38 PM IST
പത്തനംതിട്ട: മെഡിക്കൽ ഓഫീസർ നിയമനത്തിന് കൈക്കൂലി വാങ്ങിയെന്ന കേസിൽ നിരപരാധിത്വം വെളിവാക്കുന്ന രേഖകളുമായി ആരോപണവിധേയനും ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗവുമായ അഖിൽ മാത്യു.
ജോലി ലഭിക്കുന്നതിനായി, അഖിൽ മാത്യുവിന് തിരുവനന്തപുരത്ത് വച്ച് കോഴ നൽകിയെന്ന് ഹരിദാസൻ എന്നയാൾ പറഞ്ഞത് കളവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പത്തനംതിട്ട ഓഫീസ് സെക്രട്ടറി തോമസ് ചാക്കോ പറഞ്ഞു.
കോഴ നൽകിയെന്ന് പറയപ്പെടുന്ന ദിവസം അഖിൽ മാത്യു തിരുവനന്തപുരത്ത് ഇല്ലായിരുന്നുവെന്ന് തോമസ് ചാക്കോ പറഞ്ഞു. പണം കൈമാറിയ ഏപ്രിൽ പത്തിന് അഖിൽ മാത്യു പത്തനംതിട്ടയില്‍ അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു.
വിവാഹത്തിലും റിസപ്ഷനിലും അഖിൽ മാത്യു പങ്കെടുക്കുന്ന ഫോട്ടോകളും തോമസ് ചാക്കോ പുറത്തുവിട്ടു.
നേരത്തെ, അഖിൽ മാത്യുവിന് തട്ടിപ്പിൽ പങ്കില്ലെന്ന വെളിപ്പെടുത്തലുമായി തട്ടിപ്പിലെ ഇടനിലക്കാരൻ അഖിൽ സജീവ് രംഗത്തുവന്നിരുന്നു.
എന്നാൽ, പണം കൈമാറിയത് മന്ത്രിയുടെ സ്റ്റാഫ് അഖിൽ മാത്യുവിന് തന്നെയാണെന്നാണ് ഹരിദാസൻ പറഞ്ഞു. ഏപ്രിൽ പത്തിന് വൈകിട്ട് നാലിനും ആറിനും ഇടയിലുള്ള സമയത്താണ് പണം കൈമാറിയതെന്ന് ഹരിദാസൻ വ്യക്തമാക്കി.