ഒരു വറ്റല്ല, കലംമുഴുവൻ കറുത്തിരിക്കുന്നുവെന്ന് പി.കെ. കൃഷ്ണദാസ്
Thursday, September 28, 2023 5:38 PM IST
കോഴിക്കോട്: സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരേ കടുത്ത വിമര്‍ശനവുമായി ബിജെപി നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിലായി ആകെ 5,000 കോടിയുടെ മെഗാ കുംഭകോണം നടന്നിട്ടുണ്ടെന്നും പണം കട്ടവരെയെല്ലാം സിപിഎമ്മും സംസ്ഥാന സര്‍ക്കാരും സംരക്ഷിക്കുകയാണെന്നും കൃഷ്ണ ദാസ് ആരോപിച്ചു.
കറുത്ത വറ്റ് ഒന്നേയുള്ളുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പക്ഷേ വെള്ള വറ്റിനെ ഭൂതക്കണ്ണടിവച്ച് നോക്കിയാലും ഇപ്പോള്‍ കാണില്ല. ഒരു കറുത്ത വറ്റല്ല കലം മുഴുവന്‍ കറുത്തിരിക്കുകയാണ്. അതുകൊണ്ടാണ് വെളുത്ത വറ്റൊന്നും കാണാത്തത്.
ഒരു കറുത്ത വറ്റ് എന്നുപറഞ്ഞാല്‍ ഏതെങ്കിലും ഒരു ബാങ്കില്‍ നടന്ന തട്ടിപ്പാണ് എന്നല്ലേ. എന്നാല്‍, സഹകരണമന്ത്രി വാസവന് 2022 ജൂണ്‍ 28-ന് നിയമസഭയില്‍ പ്രസ്താവിച്ചത് ഏതാണ്ട് 399 ബാങ്കുകളില്‍ ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയെന്നും അന്വേഷണം നടക്കുകയാണെന്നുമാണ്.
ഇത് ഒരു വര്‍ഷം മുമ്പാണ്. ഇപ്പോള്‍ ഏതാണ്ട് 600-ൽ അധികം ബാങ്കുകളില്‍ തട്ടിപ്പ് നടന്നിട്ടുണ്ട്. 5000 കോടിയുടെ കുംഭകോണമാണ് നടന്നത്. ഇതിനെയാണ് ഒരു കറുത്ത വറ്റെന്ന് പറയുന്നത്.
ഇത്രമാത്രം കട്ടവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് ലജ്ജാകരമാണ്. വാസവന്റെ പ്രസ്താവന കടമെടുത്താല്‍ ഈ തട്ടിപ്പെല്ലാം ഒറ്റ കറുത്ത വറ്റാണോ എന്ന് മുഖ്യമന്ത്രി പറയണമെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.