തിരുവനന്തപുരം: ആധുനിക ജലഗതാഗത സംവിധാനത്തെ കേരളത്തിന് പരിചയപ്പെടുത്തിയ വാട്ടര്‍ മെട്രോ തിരുവനന്തപുരത്ത് പ്രദര്‍ശനത്തിനെത്തുന്നു. നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തലസ്ഥാനത്ത് നടക്കുന്ന കേരളീയം ജനകീയോത്സവത്തിലാണ് കൊച്ചി വാട്ടര്‍ മെട്രോ കൊച്ചിക്കായലില്‍ നിന്ന് തലസ്ഥാനനഗരിയില്‍ പ്രദര്‍ശനത്തിനായി എത്തുന്നത്.

പരിപാടിയുടെ പ്രധാന വേദികളിലൊന്നായ പുത്തരിക്കണ്ടം മൈതാനിയിലാണ് വാട്ടര്‍ മെട്രോ ബോട്ടിന്‍റെ പ്രദര്‍ശനം നടക്കുക. പൊതുജനങ്ങള്‍ക്ക് വാട്ടര്‍മെട്രോയില്‍ കയറാനുള്ള അവസരവുമൊരുക്കും.

കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസില്‍ ഉപയോഗിക്കുന്ന ബോട്ടാകും തലസ്ഥാനത്ത് എത്തിക്കുക. ജലസംരക്ഷണ ക്യാമ്പയിന്റെ ഭാഗമായാണ് കൊച്ചി വാട്ടര്‍ മെട്രോയെ തിരുവനന്തപുരത്തെത്തിക്കുന്നത്.