കര്‍ണാടകയിലെ ബന്ദ് പൂര്‍ണം; പലയിടങ്ങളിലും വ്യാപക പ്രതിഷേധം; 44 വിമാന സര്‍വീസുകള്‍ റദ്ദാക്കി
Friday, September 29, 2023 1:04 PM IST
ബംഗളൂരു: തമിഴ്നാടിനു കാവേരി ജലം വിട്ടുകൊടുക്കുന്നതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണം. ബന്ദ് ജനജീവിതത്തെ സാരമായി ബാധിച്ചു.
ആശുപത്രികളും മറ്റ് മെഡിക്കല്‍ സര്വീസുകളുമൊഴികെയുള്ള സേവനങ്ങളെല്ലാം തടസപ്പെട്ടു. ഹാസന്, രാമനഗര, മണ്ഡ്യ ജില്ലകളില്‍ വ്യാപക പ്രതിഷേധമുണ്ടായി. ബസുകള്‍ തടഞ്ഞും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ കോലം കത്തിച്ചും സമരക്കാര്‍ പ്രതിഷേധിച്ചു.
പ്രതിഷേധവുമായി ബന്ധപ്പെട്ട് കന്നഡ അനുകൂല സംഘടനകളുടെ 50 അംഗങ്ങളെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരു വിമാനത്താവളത്തില്‍നിന്നുള്ള 44 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. മുംബൈ, കോല്‍ക്കത്ത, മംഗളൂരു റൂട്ടുകളിലേക്കുള്ള വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്.
സംസ്ഥാനത്തെ ഭൂരിഭാഗം സ്കൂളുകൾക്കും കോളജുകള്‍ക്കും ഇന്ന് അവധിയാണ്. പല ഓഫീസുകളും വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇത്തവണ തമിഴ്നാടിന് കനത്ത മഴ ലഭിച്ചപ്പോള്‍ കര്‍ണാടകയ്ക്ക് മതിയായ മഴ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ കാവേരിയില്‍നിന്ന് വെള്ളം നല്കാന് കഴിയാത്ത സാഹചര്യമാണെന്നുമാണ് കര്‍ണാടകയുടെ നിലപാട്.
വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് കര്‍ണാടകയുടെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കന്നഡ സംഘടനകള്‍ സമരം ശക്തമാക്കിയത്.