ന്യൂഡൽഹി: ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ മൂന്ന് ബാങ്കുകൾക്കെതിരെ നടപടി സ്വീകരിച്ച് ആർബിഐ. എസ്ബിഐ, ഇന്ത്യൻ ബാങ്ക് എന്നിവയടക്കം മൂന്നു പൊതുമേഖലാ ബാങ്കുകൾക്കെതിരെ വെള്ളിയാഴ്ച നടപടി എടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് മുംബൈ, രാജ്കോട്ട്, വസായ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ബാങ്കുകൾക്ക് നേരെയും നടപടിയെടുത്തിരിക്കുന്നത്. ഇവയ്ക്ക് പിഴ ചുമത്തിയിട്ടുമുണ്ട്. 1949ലെ ബാങ്കിം​ഗ് റെ​ഗുലേഷൻ ആക്ട് പ്രകാരമാണ് നടപടികളെന്നും അധികൃതർ വ്യക്തമാക്കി.

മുംബൈയിലെ സരസ്വത് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് 23 ലക്ഷം രൂപയാണ് ആർബിഐ പിഴ ചുമത്തിയത്. ബാങ്കിംഗ് റെഗുലേഷൻ ആക്‌ട് സെക്ഷൻ 20(1)(ബി)(iii) വകുപ്പ് 56- പ്രകാരം ഡയറക്ടർമാർക്കുള്ള വായ്പകളും അഡ്വാൻസും സംബന്ധിച്ച ആർബിഐ ചട്ടങ്ങൾ പാലിക്കുന്നതിൽ ബാങ്ക് വീഴച വരുത്തിയെന്ന് കണ്ടെത്തിയിരുന്നു.

രാജ്‌കോട്ട് നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിനാണ് രണ്ടാമത് പിഴ ചുമത്തിയത്. ബാങ്കിംഗ് റെഗുലേഷൻ ആക്‌ട് സെക്ഷൻ 46(4)(ഐ), 56 എന്നിവ പ്രകാരമാണ് നടപടി. ഇതിനു പിന്നാലെ മഹാരാഷ്ട്രയിലെ വസായ്, ബാസെയ്ൻ കാത്തലിക് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് 25 ലക്ഷം രൂപ ആർബിഐ പിഴ ചുമത്തിയിട്ടുണ്ട്.

ബാങ്കിം​ഗ് റെ​ഗുലേഷൻ ആക്ട് സെക്ഷൻ 20, സെക്ഷൻ 56 എന്നിവയുടെ ലംഘനം ശ്രദ്ധയിൽപെട്ടതിന് പിന്നാലെയാണ് നടപടി. ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിന് എസ്ബിഐയ്ക്ക് 1.3 കോടി രൂപയും ഇന്ത്യൻ ബാങ്കിന് 1.62 കോടി രൂപയുമാണ് ആർബിഐ പിഴ ചുമത്തിയത്. രാജ്യത്തെ മറ്റ് ബാങ്കുകളിലും ഇത്തരത്തിൽ ആർബിഐയുടെ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്.