കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു
Saturday, September 30, 2023 9:24 PM IST
തിരുവനന്തപുരം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍(91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചിയില്‍ വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയാണ്.
വീരളത്ത്മഠത്തില്‍ സുബ്ബരായന്‍ പോറ്റിയുടെയും കൃഷ്ണമ്മാളിന്റെയും മകനായി 1932 ജൂലൈ 9നാണ് ജനനം. യഥാര്‍ത്ഥനാമം എസ്.സുകുമാരന്‍ പോറ്റിയെന്നാണ്.
കുട്ടിക്കാലം മുതല്‍ തന്നെ വരയില്‍ താല്പര്യമുണ്ടായിരുന്ന ആളായിരുന്ന സുകുമാര്‍ യൂണിവേഴ്സിറ്റി കോളജിലെ പഠനത്തിനു ശേഷം 1957ല്‍ പോലീസ് വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു.
1987ല്‍ വഴുതക്കാട് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് സിഐഡി വിഭാഗത്തില്‍ നിന്ന് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി വിരമിച്ചു. മനഃശാസ്ത്രം മാസികയില്‍ 17 വര്‍ഷം വരച്ച 'ഡോ.മനശാസ്ത്രി' എന്ന കാര്‍ട്ടൂണ്‍ കോളം പ്രസിദ്ധമാണ്.
കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും നര്‍മകൈരളിയുടെയും സ്ഥാപകനാണ്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ചെയര്‍മാനും സെക്രട്ടറിയുമായിരുന്നു. 1996ല്‍ ഹാസ്യ സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
2019ലാണ് തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് താമസം മാറ്റിയത്. സര്‍ക്കാര്‍ കാര്യം, കോടമ്പക്കം, പ്ലഗ്ഗുകള്‍, അ, കൂത്തമ്പലം, കുടുമ, ഒട്ടിപ്പോ എന്നിങ്ങനെയാണ് ഹാസ്യ നോവലുകള്‍. ഒരു നോണ്‍ ഗസറ്റഡ് ചിരി, രാജാകേശവദാസന്‍, ഞാന്‍ എന്നും ഉണ്ടായിരുന്നു എന്നിങ്ങനെ 52 ഹാസ്യഗ്രന്ഥങ്ങള്‍ രചിച്ചു.
വായില്‍ വന്നത് കോതയ്ക്ക് പാട്ട് എന്ന ഹാസ്യ കവിതാ സമാഹാരത്തിന് 1996 ലെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 12 മണിക്കൂര്‍ അഖണ്ഡ ചിരിയജ്ഞം നടത്തി റിക്കാര്ഡിട്ടിട്ടുണ്ട്.