ഹാംഗ്ഝൗ: ഏഷ്യൻ ഗെയിംസ് ട്വന്‍റി20 ക്രിക്കറ്റിൽ ടീം ഇന്ത്യ സെമിയിൽ. ക്വാർട്ടർ ഫൈനലിൽ നേപ്പാളിനെ 23 റൺസിന് തോല്പിച്ചാണ് ഇന്ത്യ സെമിയിൽ കടന്നത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാലുവിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു. 48 പന്തിൽ സെഞ്ച്വറി നേടിയ യുവ ഓപ്പണർ യശ്വസി ജയ്സ്വാളിന്‍റെ ബാറ്റിംഗ് വെടിക്കെട്ടാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. എട്ട് ഫോറും ഏഴ് സിക്സുമാണ് ജയ്സ്വാളിന്‍റെ ബാറ്റിൽ നിന്ന് പിറന്നത്.

ഇതോടെ ട്വന്‍റി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി സെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റിക്കാർഡും 21-കാരനായ യശസ്വി ജയ്സ്വാൾ സ്വന്തമാക്കി. 23-ാം വയസിൽ സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലിന്‍റെ റിക്കാർഡ് പഴങ്കഥയാക്കിയാണ് താരത്തിന്‍റെ നേട്ടം.

ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് 25 റൺസെടുത്തു. ഇരുവർക്കും പിന്നാലെയെത്തിയ തിലക് വർമയും(2), ജിതേഷ് ശർമയും (5) നിരാശപ്പെടുത്തിയതോടെ സ്കോർ വേഗം കുറഞ്ഞു. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ റിങ്കു സിംഗും (37), ശിവം ദുബെയും 25 നടത്തിയ കൂറ്റൻ അടികളാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്.

അതേസമയം, 203 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ നേപ്പാൾ മികച്ച ചെറുത്തുനില്പാണ് നടത്തിയത്. താരതമ്യേന ദുർ‌ബലരായ നേപ്പാൾ ടീം ഇന്ത്യയെ വെള്ളംകുടിപ്പിച്ചെങ്കിലും നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

ഇന്ത്യയ്ക്കായി രവി ബിഷ്ണോയി നാല് ഓവറിൽ 24 റൺസ് വഴങ്ങിയും ആവേശ് ഖാൻ 32 റൺസ് വഴങ്ങിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

15 പന്തിൽ നാല് സിക്സ് സഹിതം 32 റൺസെടുത്ത ദീപേന്ദ്ര സിംഗാണ് നേപ്പാളിന്‍റെ ടോപ്പ് സ്കോറർ. സൺദീപ് ജോറ 12 പന്തിൽ 29 റൺസെടുത്തു.