ഡല്‍ഹിയിലെ പോലീസ് റെയ്ഡ്; രണ്ട് പേര് കസ്റ്റഡിയില്‍
Tuesday, October 3, 2023 11:21 AM IST
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളരുടെ വസതിയില്‍ നടത്തിയ വ്യാപക റെയ്ഡിന് പിന്നാലെ രണ്ട് പേരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹി സയന്‍സ് ഫോറത്തിലെ ഡി.രഘുനന്ദന്, സ്റ്റാന്‍ഡപ്പ് കൊമേഡിയനായ സഞ്ജയ് രജൗരി എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത്.
ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കേസില്‍ ഇനിയും കൂടുതല്‍ പേരേ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന.
ഇന്ന് രാവിലെയാണ് എഴുത്തുകാരായ ഗീത ഹരിഹരന്, സൊഹൈല്‍ ഹാഷ്മി എന്നിവര്‍ അടക്കം 15ഓളം പേരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയത്. തങ്ങളുടെ മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തതായി മാധ്യമപ്രവര്‍ത്തകര്‍ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. റെയ്ഡിന്റെ കാരണമെന്താണെന്ന് പോലീസ് അറിയിച്ചിട്ടില്ലെന്നും ഇവര്‍ പ്രതികരിച്ചിരുന്നു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സര്‍ക്കാര്‍ നല്കിയ വസതിയില്‍ പോലീസ് പരിശോധന നടത്തി. ന്യൂഡ് ക്ലിക്ക് മാധ്യമസ്ഥാപനത്തിന്റെ പ്രതിനിധി ഇവിടെ താമസിക്കുന്നത് കണക്കിലെടുത്തായിരുന്നു റെയ്ഡ്.
ന്യൂസ് ക്ലിക്കുമായി ബന്ധമുള്ളവരുടെ വീടുകളിലാണ് പരിശോധനയെന്നാണ് പോലീസിന്റെ വിശദീകരണം. ചൈനയില്‍നിന്ന് ഫണ്ട് ലഭിക്കുന്നതായി ആരോപിച്ച് നേരത്തേ ന്യൂസ് ക്ലിക്കിനെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം.
ഇവിടെനിന്ന് ലഭിക്കുന്ന ഫണ്ടുപയോഗിച്ച് ചൈനയെ പ്രകീര്‍ത്തിക്കുന്ന ലേഖനങ്ങള്‍ എഴുതുന്നുവെന്നും സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നുമാണ് ആരോപണം.