അമ്പെയ്ത്ത് ഫൈനലിൽ പരസ്പരം ഏറ്റുമുട്ടാൻ ഇന്ത്യൻ താരങ്ങൾ
Tuesday, October 3, 2023 1:38 PM IST
ഹാംഗ്ഝൗ: ഈമാസം ഏഴിന് ഹാംഗ്ഝൗ ഏഷ്യൻ ഗെയിംസ് സാക്ഷ്യംവഹിക്കുക ഒരു അപൂർവ പോരാട്ടത്തിനാണ്. അന്ന് പുരുഷന്മാരുടെ വ്യക്തിഗത അമ്പെയ്ത്ത് കോമ്പൗണ്ട് ഇനത്തിൽ ഫൈനലിൽ ഏറ്റുമുട്ടുന്നത് രണ്ട് ഇന്ത്യൻ താരങ്ങളാണ്. അഭിഷേക് വർമയും ഓജസ് പ്രവീൺ ഡിയോട്ടേലും. ഫലത്തിൽ ആര് ജയിച്ചാലും ഇന്ത്യയ്ക്ക് രണ്ട് മെഡൽ ഉറപ്പ്.
കൊറിയൻ താരം ജെഹൂൺ ജൂയെ 147-145 ന് തോല്പിച്ചാണ് അഭിഷേക് വർമ ഫൈനലിലെത്തിയത്. അതേസമയം, തുടർച്ചയായ രണ്ടാംതവണയും 150ൽ 150 സ്കോറുമായാണ് ലോകചാമ്പ്യനായ ഓജസ് പ്രവീൺ ഡിയോട്ടേലിന്‍റെ രാജകീയ ഫൈനൽ പ്രവേശം. കൊറിയയുടെ യാംഗ് ജെവോണിനെയാണ് ഓജസ് തറപറ്റിച്ചത്.
അതേസമയം, വനിതകളുടെ കോമ്പൗണ്ട് വിഭാഗത്തിൽ ഇന്ത്യൻ താരം ജ്യോതി സുരേഖ വെണ്ണം ഫൈനലിൽ കടന്നു. ഇന്ത്യയുടെ തന്നെ അദിതി സ്വാമിയെയാണ് സെമിയിൽ ജ്യോതി പരാജയപ്പെടുത്തിയത്.