സംസ്ഥാനങ്ങളും ജില്ലകളും ഗ്രാമങ്ങളും വികസിക്കുമ്പോൾ മാത്രമേ വികസിത ഭാരതം സാക്ഷാത്കരിക്കപ്പെടൂ: പ്രധാനമന്ത്രി
Tuesday, October 3, 2023 2:47 PM IST
ജഗദൽപുർ: സംസ്ഥാനങ്ങളും ജില്ലകളും ഗ്രാമങ്ങളും വികസിക്കുമ്പോൾ മാത്രമേ വികസിത ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഛത്തീസ്ഗഡിലെ ജഗദൽപുരിൽ നാഷണൽ മിനറൽ ഡവലപ്മെന്റ് കോർപറേഷന്റെ സ്റ്റീൽ പ്ലാന്റ് ഉൾപ്പെടെ 26,000 കോടി രൂപയുടെ വിവിധ പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഛത്തീസ്ഗഡിലെ റെയിൽവേ പദ്ധതികൾക്കുള്ള ബജറ്റ് വിഹിതത്തിൽ 2014-ന് മുമ്പ് നൽകിയതിനേക്കാൾ 20 മടങ്ങ് വർധനയാണ് കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ കേന്ദ്രം വരുത്തിയതെന്നും മോദി പറഞ്ഞു.
ബസ്തർ ജില്ലയിലെ നഗർനാറിലെ എൻഎംഡിസി സ്റ്റീൽ ലിമിറ്റഡ് സ്റ്റീൽ പ്ലാന്റിനെക്കുറിച്ച് സംസാരിക്കവെ, ബസ്തറിലെയും സമീപപ്രദേശങ്ങളിലെയും 50,000 യുവാക്കൾക്ക് ഇത് തൊഴിലവസരങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ചടങ്ങിൽ തഡോക്കി (കങ്കർ ജില്ല)-റായ്പൂർ ഡെമു ട്രെയിൻ സർവീസ് പ്രധാനമന്ത്രി വർച്വലായി ഫ്ലാഗ് ഓഫ് ചെയ്തു.