മാനം തെളിഞ്ഞില്ല; കാര്യവട്ടത്തെ ഇന്ത്യയുടെ സന്നാഹ മത്സരം ഉപേക്ഷിച്ചു
Tuesday, October 3, 2023 5:14 PM IST
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-നെതര്‍ലന്‍ഡ്സ് സന്നാഹ മത്സരം കനത്ത മഴ മൂലം ഉപേക്ഷിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാൽ ടോസ് ഇടാൻ പോലും കഴിയാതെയാണ് മത്സരം ഉപേക്ഷിച്ചത്.
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ ലോകകപ്പിന് സന്നാഹ മത്സരം കളിക്കാതെ ഇന്ത്യ ഇറങ്ങേണ്ടി വരും.
കാര്യവട്ടത്ത് നാല് സന്നാഹ മത്സരങ്ങളാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഒരെണ്ണം മാത്രമാണ് പൂർത്തിയാക്കാനായത്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് പരാജയപ്പെടുത്തിയിരുന്നു. മഴ രസംകൊല്ലിയായി എത്തിയ മത്സരത്തിൽ ഡക്ക്വർത്ത്-ലൂയിസ് നിയമപ്രകാരം ഏഴ് റൺസിനായിരുന്നു കിവീസ് ജയം.
ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാൻ മത്സരവും ഇന്ത്യ-നെതർലൻഡ്സ് മത്സരവുമാണ് പൂർണമായും ഉപേക്ഷിച്ചത്. ഓസ്ട്രേലിയ-നെതർലൻഡ്സ് പോരാട്ടത്തിൽ ഓസീസ് ഇന്നിംഗ്സ് പൂർത്തിയാക്കിയെങ്കിലും നെതർലൻഡ്സ് ഇന്നിംഗ്സ് പൂർത്തിയാക്കാൻ കാലാവസ്ഥ അനുവദിച്ചില്ല.
ഈ മാസം എട്ടിന് ഓസ്ട്രേലിയയ്ക്കെതിരേ ചെന്നൈയിലാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.