ഇസ്രയേല്‍-ഹമാസ് യുദ്ധം ശക്തമാകുന്ന സാഹചര്യത്തില്‍ പലസ്തീനിന് പിന്തുണ നല്‍കുന്ന ഒട്ടേറെ പോസ്റ്റുകള്‍ സമൂഹമാധ്യമത്തിലടക്കം പ്രചരിക്കുകയാണ്. ഇതിനിടയില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് പോര്‍ച്യുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടേതെയന്ന് പറയപ്പെടുന്ന ദൃശ്യങ്ങള്‍.

പലസ്തീനിന് പിന്തുണയുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗ്രൗണ്ടില്‍ പലസ്തീന്‍ പതാക വീശുന്നു എന്ന് ഉന്നയിച്ചാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ ഈ വാദം തെറ്റാണെന്നും 2022 ലോകകപ്പ് ഫുട്ബാള്‍ മത്സരത്തിന് ശേഷം നടന്ന സംഭവമാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും സ്ഥിരീകരണം വന്നു.

മൊറോക്കന്‍ ഫുട്‌ബോള്‍ താരമായ ജവാദ്.എല്‍.യാമിക് പലസ്തീന്‍ പതാക വീശുന്ന ദൃശ്യങ്ങളാണ് ക്രിസ്റ്റ്യാനോയുടേത് എന്ന പേരില്‍ പ്രചരിക്കുന്നത്. 2022 ഡിസംബര്‍ ഒന്നിന് ദോഹയിലെ അല്‍ തുമാമ് സ്‌റ്റേഡിയത്തില്‍ കാനഡയും മൊറോക്കോയും തമ്മിലുള്ള ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് എഫ് ഫുട്‌ബോള്‍ മത്സരത്തിന് ശേഷമാണ് മൊറോക്കോയുടെ ഡിഫന്‍ഡറായ ജവാദ്. എല്‍. യാമിക് പലസ്തീന്‍ പതാക വീശിയത്.



ഈ വീഡിയോയുടെ ദൃശ്യങ്ങള്‍ ബ്ലര്‍ (മങ്ങിയ ദൃശ്യങ്ങള്‍) ചെയ്താണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. വീഡിയോ ബ്ലര്‍ ചെയ്തിരിക്കുന്നതിനാല്‍ ദൃശ്യങ്ങളിലുള്ളത് ഒറ്റനോട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് തെറ്റിധരിക്കും. ഈ വീഡിയോയുടെ മികച്ച ക്ലാരിറ്റിയുള്ള ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യത്തില്‍ വന്നു കഴിഞ്ഞു.