തിരുവനന്തപുരം: തലസ്ഥാനത്തെത്തിയപ്പോള്‍ താമസിച്ചത് എംഎല്‍എ ഹോസ്റ്റലിലെന്ന് നിയമനക്കോഴ കേസ് പ്രതി ബാസിത്ത്. കൊടുങ്ങല്ലൂര്‍ എംഎല്‍എ വി.ആർ.സുനില്‍കുമാറിന്‍റെ മുറിയിലാണ് താമസിച്ചതെന്നും ഇയാള്‍ മൊഴി നല്‍കി.

ഏപ്രില്‍ 10, 11 തീയതികളിലാണ് ആരോഗ്യമന്ത്രിയുടെ പിഎയെ കണ്ട് നിയമനം ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഹരിദാസനെയും കൂട്ടി ബാസിത്ത് തിരുവനന്തപുരത്ത് എത്തിയത്. അന്ന് എവിടെയാണ് താമസിച്ചതെന്ന് അന്വേഷണസംഘം ചോദിച്ചപ്പോഴാണ് എംഎല്‍എയുടെ മുറിയിലാണെന്ന് ഇയാള്‍ അറിയിച്ചത്. തന്‍റെ സുഹൃത്ത് മുഖേനയാണ് ഈ മുറി രണ്ട് ദിവത്തേയ്ക്ക് തരപ്പെടുത്തിയതെന്നും ഇയാള്‍ പറഞ്ഞു.

എന്നാല്‍ ബാസിത്തിനെ അറിയില്ലെന്ന് സുനില്‍കുമാര്‍ എംഎല്‍എ പ്രതികരിച്ചു. സംഘടനാ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി താന്‍ സ്ഥലത്തില്ലാത്തപ്പോള്‍ ദൂരത്ത് നിന്ന് എത്തുന്നവര്‍ക്ക് മുറി നല്‍കാറുണ്ട്.

അത്തരത്തില്‍ തന്‍റെ പിഎ ബാസിത്തിനും മുറി അനുവദിച്ചതാണ്. ബാസിത്തിനെ തനിക്ക് നേരിട്ട് പരിചയമില്ലെന്നും എംഎല്‍എ പറഞ്ഞു.

അതേസമയം കേസിലെ ഗൂഢാലോചന കണ്ടെത്താന്‍ പ്രതി ബാസിത്തുമായി അന്വേഷണസംഘം മലപ്പുറത്തേയ്ക്ക് തിരിച്ചിരുന്നു. നിയമനം ലഭിച്ചതായുള്ള വ്യാജരേഖ നിര്‍മിച്ച സ്ഥലങ്ങളില്‍ ഉള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം.