തുറമുഖ ഉദ്ഘാടനത്തില്‍നിന്ന് ആരെയും മാറ്റിനിര്‍ത്തിയിട്ടില്ല: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
Saturday, October 14, 2023 12:13 PM IST
തിരുവനന്തപുരം: തുറമുഖ ഉദ്ഘാടനത്തില്‍നിന്ന് ആരെയും മാറ്റിനിര്‍ത്തിയിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഉദ്യോഗസ്ഥന്മാരാണ് ആളുകളെ ക്ഷണിച്ചത്. ആര്‍ക്കെങ്കിലും ക്ഷണക്കത്ത് ലഭിക്കാതെ വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
വിഴിഞ്ഞം സമരകാലത്ത് ലത്തീന്‍ സഭ ഉന്നയിച്ച എട്ട് കാര്യങ്ങളില്‍ ഏഴും സര്‍ക്കാര്‍ അംഗീകരിച്ചു. പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം മാത്രമാണ് അംഗീകരിക്കാതിരുന്നത്. പദ്ധതികൊണ്ട് ഏറ്റവും പ്രയോജനം ലഭിക്കുക മത്സ്യതൊഴിലാളികള്ക്കാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം അതിരൂപത അധ്യക്ഷന്‍ ഡോ. തോമസ് ജെ.നെറ്റോ, മുന്‍ അതിരൂപത അധ്യക്ഷന്‍ ഡോ. എം.സൂസപാക്യം എന്നിവരുടെ പേര് തുറമുഖ ഉദ്ഘാടന പരിപാടിയുടെ നോട്ടീസില്‍ വച്ചത് അവരുടെ അനുവാദമില്ലാതെയാണെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍.യൂജിന്‍ പെരേര അറിയിച്ചിരുന്നു. ഇത് സഭ ഒപ്പമുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖത്തിന്റെ ഉദ്ഘാടന ദിനമായ ഞായറാഴ്ച കരിദിനം ആചരിക്കാനായിരുന്നു മത്സ്യതൊഴിലാളുടെ തീരുമാനം. സഭ അതിനെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തതെന്നും പരിപാടിയില്‍ പങ്കെടുക്കുന്നതില്‍നിന്ന് ആരെയും വിലക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.