സ്വവർഗ വിവാഹം: സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് കെസിബിസി പ്രൊലൈഫ് സമിതി
Tuesday, October 17, 2023 7:35 PM IST
കൊച്ചി: സ്വവർഗ വിവാഹം രാജ്യത്ത് നിയപരമാക്കാതിരുന്ന സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്ന് കെസിബിസി പ്രോലൈഫ് സമിതി. വിവാഹം എന്നത് സ്ത്രീയും പുരുഷനും ചേർന്ന് നടത്തേണ്ട കർമാനുഷ്ഠാനമാണെന്നിരിക്കെ ഒരേ വർഗത്തിൽപ്പെട്ടവർ തമ്മിലുള്ള ബന്ധത്തെ വിവാഹമായി വിശേഷിപ്പിക്കുന്നത് യാതൊരു തരത്തിലും അംഗീകരിക്കാവുന്നതല്ലെന്ന് സമിതി വിലയിരുത്തി.
സ്വവർഗാനുരാഗ ബന്ധത്തെ സ്വവർഗ സഹവാസം എന്ന് വിശേഷിപ്പിക്കാമെങ്കിലും സ്വവർഗവിവാഹം എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല. പങ്കാളിയെ തെരഞ്ഞെടുക്കുവാൻ വ്യക്തിക്ക് അവകാശം ഉണ്ടെങ്കിലും അത്തരത്തിൽ തെരഞ്ഞെടുക്കുന്ന പങ്കാളിയെ വിവാഹം എന്ന വിശേഷണത്താൽ ബന്ധിപ്പിക്കുന്നത് മനുഷ്യ സംസ്കാരത്തിന് യോജിച്ചതല്ലെന്നും സമിതി വ്യക്തമാക്കി.
സ്പെഷ്യൽ മാര്യേജ് ആക്ട് സെക്ഷൻ 4 സ്ത്രീയും പുരുഷനും ചേർന്നുള്ള വിവാഹത്തെ വിശേഷിപ്പിക്കുന്നതാകയാൽ അതിനകത്ത് സ്വവർഗ അനുരാഗികളുടെ സഹവാസത്തെ സംബന്ധിച്ച തുല്യതയ്ക്ക് പ്രസക്തിയില്ല.
മാതാപിതാക്കൾ ആകാൻ ദമ്പതികൾക്കാണ് അവകാശം എന്നിരിക്കെ അവിവാഹിതരായ വ്യക്തികൾക്കും സ്വവർഗ അനുരാഗികൾക്കും ആ അവകാശം കൈമാറുന്നത് മനുഷ്യ വംശത്തിന്റെ സമുന്നതിക്ക് ഗുണകരമായിരിക്കില്ലായെന്നും സമിതി വിലയിരുത്തി.