കെഎസ്യു നടത്തുന്നത് മോശമായ സമരാഭ്യാസമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി
Wednesday, November 8, 2023 2:35 PM IST
തിരുവനന്തപുരം: കേരള ചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണ് തൃശൂർ കേരളവർമ്മ കോളജിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ പേരിൽ കെഎസ്യു നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു.
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ജാള്യത മറച്ചുവയ്ക്കാൻ വകുപ്പുമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തുന്നത് അപഹാസ്യമാണെന്നും ബിന്ദു വിമർശിച്ചു.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പുകളുടെ ചുമതല പൂർണമായും റിട്ടേണിംഗ് ഓഫീസർക്കാണ്. അപാകതകൾ ആരോപിക്കപ്പെടുന്ന പക്ഷം അവ സർവകലാശാലാ അധികൃതരുടെ ശ്രദ്ധയിൽ രേഖാമൂലം കൊണ്ടുവന്ന് പരിഹാരം തേടാവുന്നതാണ്. നീതിന്യായ സംവിധാനങ്ങളെ സമാപിക്കാനുള്ള അവകാശവും പരാതിക്കാർക്കുണ്ട്.
സർവകലാശാല ചട്ടങ്ങളനുസരിച്ച് പ്രവർത്തിക്കുകയും തെരഞ്ഞെടുപ്പുകളടക്കമുള്ള ജനാധിപത്യ നടപടികളുടെ ചുമതല വഹിക്കുകയും ചെയ്യുന്ന ഒരു കലാലയത്തിലെയും തെരഞ്ഞെടുപ്പു നടപടിക്രമങ്ങളിൽ മന്ത്രിയെന്ന നിലയ്ക്ക് ഇടപെടേണ്ടതില്ല, ഇടപെട്ടിട്ടുമില്ല. മന്ത്രിയെന്ന നിലയ്ക്ക് ഇതു സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടുമില്ലെന്നും ബിന്ദു വ്യക്തമാക്കി.