അണ്ടര്‍ 17 ഫുട്ബോൾ: ജർമനിക്ക് വിശ്വകിരീടം
Saturday, December 2, 2023 10:38 PM IST
സുരാകർത്ത: അണ്ടര്‍ 17 ഫുട്ബോൾ ലോകകിരീടം സ്വന്തമാക്കി ജര്‍മനി. ഫൈനലിൽ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ജര്‍മനി തങ്ങളുടെ ആദ്യലോകകിരീടം സ്വന്തമാക്കിയത്.
നിശ്ചിത 90-മിനിറ്റില്‍ ഇരുടീമുകളും രണ്ട് ഗോള്വീതമടിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ 4-3 നാണ് ജര്‍മനിയുടെ ജയം. ഇതോടെ രണ്ടാം ലോകകിരീടം മോഹിച്ചെത്തിയ ഫ്രാന്‍സ് യുവനിര നിരാശയോടെ മടങ്ങി.
കലശാപ്പോരിൽ 29-ാം മിനിറ്റിൽ പാരീസ് ബ്രണ്ണറിലൂടെ ജർമനിയാണ് ആദ്യം ഗോൾ നേടിയത്. പെനാൽറ്റിയിൽനിന്നാണ് ബ്രണ്ണറുടെ ഗോൾ. ഒരു ഗോളിന്റെ ലീഡുമായി ആദ്യ പകുതിയിൽ ജർമനി മുന്നിട്ടുനിന്നു.
51-ാം മിനിറ്റിൽ ജർമനി ലീഡ് ഉയർത്തി. നോഹ ഡാർവിച്ചാണ് ജർമനിക്കായി രണ്ടാം ഗോൾ നേടിയത്. തൊട്ടുപിന്നാലെ ഫ്രാൻസ് ആദ്യ ഗോൾ തിരിച്ചടിച്ചു. 53-ാം മിനിറ്റിൽ സൈമണ്‍ നഡെലിയാണ് ഫ്രാൻസിനായി ആദ്യ ഗോൾ നേടിയത്. 85-ാം മിനിറ്റിലാണ് ഫ്രാൻസിന്റെ സമനില ഗോൾ പിറന്നത്. മാദിസ് അമുഗോയാണ് സമിനില ഗോൾ കണ്ടെത്തിയത്. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി.