മണിപ്പുരിൽ വീണ്ടും സംഘർഷം; ചുരാചന്ദ്പുരിൽ നിരോധനാജ്ഞ
Tuesday, December 19, 2023 11:47 AM IST
ഇംഫാൽ: മണിപ്പുരിൽ വീണ്ടും നിരോധനാജ്ഞ. ചുരാചന്ദ്പുരിൽ രണ്ടുമാസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തിങ്കളാഴ്ചയുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മണിപ്പൂരിൽ ഒറ്റപ്പെട്ട സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തിങ്കളാഴ്ച ചുരാചന്ദ്പുരിൽ രണ്ടിടങ്ങളിലായാണ് സംഘർഷസംഭവങ്ങളുണ്ടായത്.
ചുരാചന്ദ്പുരിലാണ് മണിപ്പുർ കലാപം ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഈ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു.
മേയ് മൂന്നിനാണ് മണിപ്പുരിൽ മെയ്തി, കുക്കി സമുദായങ്ങൾ തമ്മിൽ വംശീയസംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിൽ ഇതുവരെ ഇരുന്നൂറോളംപേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. അരലക്ഷത്തോളംപേർ ഭവനരഹിതരായി.