സുപ്രധാന ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം; കൊളോണിയൽ കാലഘട്ടത്തിലെ നിയമങ്ങൾ ഇനിയില്ല
Monday, December 25, 2023 7:33 PM IST
ന്യൂഡൽഹി: രാഷ്ട്രപതി ഒപ്പുവച്ചതോടെ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിവ നിയമമായി. ഇന്ത്യൻ പീനൽ കോഡ് 1860 (ഐപിസി), കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ 1973 (സിആർപിസി), ഇന്ത്യൻ എവിഡൻസ് ആക്ട് 1872 എന്നിവയ്ക്കു പകരമായാണ് പുതിയ ബില്ലുകൾ അവതരിപ്പിച്ചത്.
കഴിഞ്ഞ സമ്മേളനത്തിൽ മൂന്നു ബില്ലുകളും അവതരിപ്പിച്ചിരുന്നെങ്കിലും അവ പിന്നീട് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി പരിഷ്കരിച്ച ബില്ലുകൾ ഈ ശൈത്യകാല സമ്മേളനത്തിൽ ലോക്സഭയും രാജ്യസഭയും പാസാക്കുകയായിരുന്നു.
ആൾക്കൂട്ട കൊലപാതകത്തിനു വധശിക്ഷ നൽകുന്നതാണു പുതിയ ബില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇക്കാലത്തിനു യോജിക്കാത്ത, കൊളോണിയൽ കാലഘട്ടത്തിലെ നിയമങ്ങൾക്കു പകരമാണു പുതിയ നിയമങ്ങൾ. ഭരണഘടനയുടെ ആത്മാവിന് ഏറ്റവും ഉചിതമായവയാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.