മെസി x റൊണാള്‍ഡോ; 2023 കലണ്ടര്‍ വര്‍ഷത്തില്‍ ആരാണ് മികച്ച പ്രകടനം നടത്തിയത്, കണക്കുകള്‍ ഇങ്ങനെ ...
അനീഷ് ആലക്കോട്
Saturday, December 30, 2023 9:04 PM IST
2023, കാല്‍പ്പന്ത് ലോകത്തിലെ രണ്ട് മഹാരഥന്മാരായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും യൂറോപ്യന്‍ ക്ലബ് വേദിക്കു പുറത്തേക്ക് നീങ്ങിയ വര്‍ഷം. 2023 ജനുവരി ഒന്നിന് ക്രിസ്റ്റ്യാനോ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിയില്‍ ചേക്കേറി. ജൂലൈയില്‍ ജൂലൈ 15ന് അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്കും നീങ്ങി. മെസിക്കും റൊണാള്‍ഡോയ്ക്കും 2023 എന്ത് നല്കി...
കാല്‍പ്പന്ത് ലോകത്തിലെ രണ്ട് ഇതിഹാസങ്ങള്‍, അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ബ്രസീലിന്റെ പെലെ, അര്‍ജന്റീനയുടെ ഡിയേഗൊ മാറഡോണ എന്നിവര്‍ക്കും മുകലിലാണ് ഇവരുടെ സ്ഥാനമെന്ന് ചിലര്‍ പറയുന്നു.
അതേസമയം, മറ്റു ചിലര്‍ക്ക് അതിനോട് എതിര് അഭിപ്രായവുമുണ്ട്. എങ്കിലും ലോക ഫുട്ബോളില്‍ ഒട്ടുമിക്ക റിക്കാര്‍ഡുകളും മെസിക്കും റൊണാള്‍ഡോയ്ക്കും സ്വന്തം. പരസ്പര പൂരകങ്ങളായി, എന്നാല്‍ ഉള്ളില്‍ മത്സരബുദ്ധിയോടെ പന്ത് തട്ടുന്നവരാണ് മെസിയും റൊണാള്‍ഡോയും.
കരിയറിന്റെ സായാഹ്നത്തോട് അടുത്തതോടെ യൂറോപ്യന്‍ ക്ലബ് ലോകം വിട്ട് ഇരുവരും പുതിയമേച്ചില്‍ പുറങ്ങളിലേക്ക് നീങ്ങി. മെസിയും റൊണാള്‍ഡോയും യൂറോപ്യന്‍ ക്ലബ് ലോകത്തോട് വിടപറഞ്ഞ വര്‍ഷം എന്ന രീതിയിലും 2023 കായിക ലോകത്ത് രേഖപ്പെടുത്തപ്പെടുന്നു.
36 വയസുകാരനായ മെസിയും 38 വയസുകാരനായ റൊണാള്‍ഡോയും 2023 കലണ്ടര്‍ വര്‍ഷത്തില്‍ നടത്തിയ പ്രകടനം എങ്ങനെയായിരുന്നു. ഏറ്റവും മികച്ചത് ആരാണെന്ന മത്സരം ഇരുവരും ഇപ്പോഴും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇവരുടെ 2023-ലെ പ്രകടനത്തിലൂടെ ഒരു തിരിഞ്ഞുനോട്ടം.
റൊണാള്‍ഡോ @ 2023
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രൊ ലീഗിലേക്ക് ചേക്കേറിയത് ട്രാന്‍സ്ഫര്‍ ലോകത്ത് വന്‍ തരംഗം സൃഷ്ടിച്ചു. കോടാനുകോടികള്‍ മുടക്കി ലോക ഫുട്ബോളിലെ മുന്‍നിര താരങ്ങളില്‍ ചിലരെ സൗദി അറേബ്യ സ്വന്തമാക്കുന്നതാണ് റൊണാള്‍ഡോയുടെ നീക്കത്തിനു പിന്നാലെ ലോകം കണ്ടത്.
1,886 കോടി രൂപ വാര്‍ഷിക പ്രതിഫലത്തില്‍ സൗദിയില്‍ എത്തിയ റൊണാള്‍ഡോയ്ക്ക് പിന്നാലെ ബ്രസീലിന്റെ നെയ്മര്‍, ഫ്രാന്‍സിന്റെ കരിം ബെന്‍സെമ, സെനഗലിന്റെ സാദിയൊ മാനെ എന്നിങ്ങനെ ഒരു വമ്പന്‍ താരനിരതന്നെ മണലാരണ്യത്തിലേക്ക് പന്ത് തട്ടാന്‍ എത്തി.
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറിനുള്ള ബലോണ്‍ ദോര്‍ പുരസ്കാര പട്ടികയില്‍ പതിറ്റാണ്ടുകള്‍ക്കുശേഷം ക്രിസ്റ്റ്യാനോ ഇല്ലാത്ത വര്‍ഷമായിരുന്നു 2023. എന്നാല്‍, 2023 അവസാനിക്കുമ്പോള്‍ ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്താണ് സിആര്‍ 7.
59 മത്സരങ്ങളില്‍ 54 ഗോളാണ് ഈ വര്‍ഷം റൊണാള്‍ഡോ നേടിയത്. അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പില്‍ നേടിയ ആറ് ഗോള്‍ അടക്കമാണിത്. 38-ാം വയസിലും റൊണാള്‍ഡോയെ വെല്ലാന്‍ ഭൂഗോളത്തില്‍ മറ്റൊരു താരമില്ല.
ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ സ്വന്തം താരമായ കിലിയന്‍ എംബപ്പെ, ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലീഷ് താരം ഹാരി കെയ്ന്‍ എന്നിവരാണ് 52 ഗോളുമായി റൊണാള്‍ഡോയ്ക്ക് പിന്നിലുള്ളത്. പരിക്കേറ്റ് വിശ്രമത്തിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ താരം എര്‍ലിംഗ് ഹാലണ്ടാണ് (50 ഗോള്‍) ഈ കലണ്ടര്‍ വര്‍ഷം 50 ഗോള്‍ തികച്ച മറ്റൊരു താരം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഐഎഫ്എഫ്എച്ച്എസ് (ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ഫുട്ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്) പ്രഖ്യാപിച്ച 2023ലെ ഏറ്റവും മികച്ച 10 കളിക്കാരുടെ പട്ടികയില്‍ റൊണാള്‍ഡോ ഇല്ല. എർലിംഗ് ഹാലണ്ടിനും കിലിയന്‍ എംബപ്പെയ്ക്കും പിന്നില്‍ മെസി മൂന്നാം സ്ഥാനത്ത് ഉണ്ട് എന്നതും ശ്രദ്ധേയം.
റൊണാള്‍ഡോ
ആകെ മത്സരം: 59
ആകെ ഗോള്‍: 54
ആകെ അസിസ്റ്റ്: 15
ക്ലബ് മത്സരം: 50
ക്ലബ് ഗോള്‍: 44
ക്ലബ് അസിസ്റ്റ്: 13
രാജ്യാന്തര മത്സരം: 09
രാജ്യാന്തര ഗോള്‍: 10
രാജ്യാന്തര അസിസ്റ്റ്: 02
മെസി @ 2023
ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിക്കു വേണ്ടിയും മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കുവേണ്ടിയും മെസി ബൂട്ടണിഞ്ഞ വര്‍ഷമാണ് 2023. ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മയാമിയിലേക്ക് തികച്ചും അപ്രതീക്ഷിതമായാണ് മെസി ചേക്കേറിയത്.
സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ ഹിലാല്‍ എഫ്സി, മെസിയുടെ പഴയ ക്ലബ്ബായ എഫ്സി ബാഴ്സലോണ തുടങ്ങിയ ടീമുകള്‍ അര്‍ജന്റൈന്‍ താരത്തിനായി രംഗത്തുണ്ടായിരുന്നു. 400 മില്യണ്‍ യൂറോയ്ക്ക് മുകളിലായിരുന്നു (3,681 കോടി രൂപ) അല്‍ ഹിലാല്‍ മെസിക്ക് ഓഫര്‍ ചെയ്ത വാര്‍ഷിക പ്രതിഫലം. എന്നാല്‍, ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയ ലയണല്‍ മെസി മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്.
ഇതിനിടെ പരിക്കേറ്റതോടെ കളത്തിനു പുറത്തുമായി താരം. എന്നാല്‍, എട്ടാം തവണയും ലോക ഫുട്ബോളറിനുള്ള ബലോണ്‍ ദോര്‍ മെസി സ്വന്തമാക്കിയ വര്‍ഷമാണ് 2023. ബലോണ്‍ ദോര്‍ ഏറ്റവും കൂടുതല്‍ സ്വന്തമാക്കിയതിന്റെ റിക്കാര്‍ഡും ഇതോടെ മെസി പുതുക്കി.
2023 ഫിഫ ദ ബെസ്റ്റ് അവസാന മൂന്ന് അംഗ പട്ടികയിലും മെസി ഇടം നേടി. 2024 ജനുവരി 15-നാണ് ഫിഫ ദ ബെസ്റ്റ് പുരസ്കാരം പ്രഖ്യാപിക്കുക. ഫ്രഞ്ച് താരം കിലിയന്‍ എംബപ്പെയും നോര്വേക്കാരന് എര്‍ലിംഗ് ഹാലണ്ടുമാണ് മെസിക്ക് ഒപ്പം ഫിഫ ദ ബെസ്റ്റ് പുരസ്കാര അവസാന മൂന്ന് അംഗ പട്ടികയിലുള്ളത്.
2023ല്‍ 44 മത്സരങ്ങളില്‍ 28 ഗോളാണ് മെസിയുടെ സമ്പാദ്യം. അതില്‍ 20 എണ്ണം ക്ലബ്ബിനുവേണ്ടിയും എട്ട് എണ്ണം അര്‍ജന്റീനയ്ക്കു വേണ്ടിയുമാണ്.
മെസി
ആകെ മത്സരം: 44
ആകെ ഗോള്‍: 28
ആകെ അസിസ്റ്റ്: 12
ക്ലബ് മത്സരം: 36
ക്ലബ് ഗോള്‍: 20
ക്ലബ് അസിസ്റ്റ്: 11
രാജ്യാന്തര മത്സരം: 08
രാജ്യാന്തര ഗോള്‍: 08
രാജ്യാന്തര അസിസ്റ്റ്: 01