""ക്രൈസ്തവര്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന് പറയേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല''; സജി ചെറിയാന്റെ പരാമർശത്തിനെതിരേ കെസിബിസി
Monday, January 1, 2024 10:47 AM IST
കൊച്ചി: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത സഭാധ്യക്ഷന്മാരെ വിമര്‍ശിച്ച സംഭവത്തില്‍ മന്ത്രി സജി ചെറിയാനെതിരേ ആഞ്ഞടിച്ച് കെസിബിസി. മന്ത്രിയുടെ പരാമര്‍ശത്തില്‍ ക്രൈസ്തവ സമൂഹത്തിന് നീരസമുണ്ടെന്ന് കെസിബിസി വക്താവ് ഫാദര്‍ ജേക്കബ് പാലയ്ക്കാപ്പിള്ളി പ്രതികരിച്ചു.
മന്ത്രിയുടെ വാക്കുകള്‍ക്ക് പക്വത ഇല്ല. ഭരണഘടനയെ മാനിക്കാത്തതിന്റെ പേരില്‍ മന്ത്രി സ്ഥാനം പോയ ആളാണ് സജി ചെറിയാന്. സമൂഹത്തില്‍ ഉന്നത സ്ഥാനത്തുള്ളവരെ സംബോധന ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ട ഒരു നിഘണ്ടു അവരുടെ കൈയിലുണ്ട്. ആ സ്കൂളില്‍ നിന്ന് വരുന്ന ആളാണ് സജി ചെറിയാനെന്നും അദ്ദേഹം വിമര്‍ശിച്ചു.
ക്രൈസ്തവര്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന് പറയേണ്ടത് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളല്ല. ഏതെങ്കിലും ഒരു വിരുന്നിന് പോയാല്‍ ആ രാഷട്രീയപാര്ട്ടിയോടാണ് ക്രൈസ്തവസമൂഹത്തിന് ചായ്വ് എന്ന് സ്ഥാപിക്കേണ്ട കാര്യമില്ല.
ബിഷപ്പുമാര്‍ പങ്കെടുത്തത് പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഭരിക്കുന്നവരില്‍ നിന്ന് ഇത്തരം പ്രസ്താവന ഉണ്ടാകുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രിസ്മസിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി സജ്ജമാക്കിയ വിരുന്നിൽ ക്രൈസ്തവ സഭാധ്യക്ഷൻമാർ പങ്കെടുത്തതിനെതിരെയാണ് സജി ചെറിയാൻ വിമർശനം ഉന്നയിച്ചത്.
ബിജെപി വിരുന്നിന് ക്ഷണിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായി. കേക്കും മുന്തിരി വാറ്റിയ വൈനും കിട്ടിയപ്പോൾ ബിഷപ്പുമാർ മണിപ്പൂരിനെ മറന്നെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം.