മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദ് പാക്കിസ്ഥാൻ കസ്റ്റഡിയില്‍
Wednesday, January 10, 2024 9:13 AM IST
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദ് പാക്കിസ്ഥാന്റെ കസ്റ്റഡിയിലെന്ന് സ്ഥിരീകരിച്ച് യുഎന്‍ റിപ്പോര്‍ട്ട്. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഹാഫിസ് സയീദ് ജയിലില്‍ കഴിയുന്നത്.
തീവ്രവാദ ധനസഹായവുമായി ബന്ധപ്പെട്ട ഏഴ് കേസുകളിൽ ഉൾപ്പെട്ടതിനു 78 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ് ഹാഫിസ് സയീദ്. യുഎൻ പുതുക്കിയ റിപ്പോർട്ടിലാണ് ഈ വിവരം വെളിപ്പെടുത്തിയത്.
സയീദിനെ വിട്ടുനല്‍കണമെന്ന് നേരത്തെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങൾക്കുമിടയിൽ കുറ്റവാളികളെ കൈമാറാനുള്ള കരാറില്ലെന്നായിരുന്നു പാക്കിസ്ഥാൻ പ്രതികരണം.
പണം കടത്തു കേസിലാണ് ഹാഫിസിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നതെന്നും പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് മുംതാസ് സഹ്റ പറഞ്ഞു.
അതേസമയം വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഹാഫിസിന്റെ പാർട്ടി മത്സരിക്കുന്നുണ്ട്. ഇയാളുടെ മകൻ തൽഹ സയീദ് ലഹോറിലെ സ്ഥാനാർഥിയാണ്.