മുഖ്യമന്ത്രി നേരിട്ട് വയനാട്ടിലെത്തണം: ടി. സിദ്ദിഖ് എംഎൽഎ
Saturday, February 17, 2024 8:42 AM IST
വയനാട്: വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനെ പുറത്താക്കണമെന്നും മുഖ്യമന്ത്രി നേരിട്ട് വയനാട്ടിലെത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ടി.സിദ്ദിഖ് എംഎൽഎ. വെള്ളിയാഴ്ച കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പോളിന്റെ മരണകാരണം മെഡിക്കൽ കോളജിലെ ചികിത്സാപിഴവാണെന്നും സിദ്ദിഖ് ആരോപിച്ചു.
വയനാട്ടിലെ ജനങ്ങളെ ഓർത്ത് വനംമന്ത്രിയെ പുറത്താക്കണം. മുഖ്യമന്ത്രിയുടെ നേത്യത്വത്തിൽ ഉന്നതതല സംഘം നേരിട്ട് വയനാട്ടിലെത്തി ജനങ്ങളുടെ ഭയവും പ്രയാസവും മനസിലാക്കണം. വയനാട്ടിൽ മനുഷ്യരുടെ ദീനരോദനം ഉയരുകയാണെന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച രാവിലെയാണ് കുറുവ ദ്വീപിലെ ഇക്കോ ടൂറിസം ജീവനക്കാരനായ പോളിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്.
രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ബേലൂർ മഖ്ന ഇറങ്ങിയതിനു പിന്നാലെ കുറുവ ദ്വീപ് അടച്ചിട്ടിരിക്കുകയായിരുന്നു. അതുവഴി വരുന്ന വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനുകൂടിയാണ് പോൾ ജോലിക്കെത്തിയത്. വനത്തിനോടു ചേർന്ന പ്രദേശമായതിനാൽ ആനകൾ ഇതുവഴി എത്താറുണ്ട്.
ഇത്തരത്തിൽ റോഡിലിറങ്ങിയ ആന പോളിനു നേരെ പാഞ്ഞടുത്തു. ഓടി രക്ഷപെടാൻ ശ്രമിക്കവേ താഴെവീണ അദ്ദേഹത്തിന്റെ പുറത്ത് ആന ചവിട്ടുകയായിരുന്നു. വാരിയെല്ലിനു ഗുരുതരമായി പരിക്കേറ്റ പോൾ കോഴിക്കോട് മെഡിക്കൽ കോളജിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു.