ഒലവക്കോട് സബ് രജിസ്ട്രാർ ഓഫീസിൽ കൈക്കൂലി വേട്ട
Wednesday, February 21, 2024 8:19 PM IST
പാലക്കാട്: ഒലവക്കോട് സബ് രജിസ്ട്രാർ ഓഫീസിൽ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥർ പിടിയിൽ. വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഉദ്യോഗസ്ഥർ പിടിയിലായത്.
ആദാരം എഴുത്തുകാരെ ഇടനിലക്കാരാക്കി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിക്കുന്നു എന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്. വ്യപക ക്രമക്കേടാണ് പരിശോധനയിൽ കണ്ടെത്തിയത്. കൈക്കൂലിയായി കൈപ്പറ്റിയ പണവും വീജിലൻസ് പിടിച്ചെടുത്തു.
സബ് രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് തൗഫീക്ക് റഹ്മാൻ, അറ്റന്‍ഡന്റ് സുബിത സെബാസ്റ്റിന്, സീനിയര്‍ ക്ലാര്‍ക്ക് മിനി എന്നിവരെയാണ് കൈക്കൂലിയുമായി പിടിയിലായത്. ജീവനക്കാർ പണം ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരിശോധനയിൽ പിടിക്കപ്പെടുകയായിരുന്നു.
കൂടാതെ തൗഫീക്ക് റഹ്മാന്റെ കൈവശമുള്ള 33 ആധാരങ്ങളും സീനിയര്‍ ക്ലാര്‍ക്ക് മിനിയുടെ കൈവശമുള്ള അഞ്ച് ആധാരങ്ങളും വിജിലൻസ് സംഘം കണ്ടെടുത്തു. മേല്‍ ഉദ്യോഗസ്ഥരുടെ അറിവോ സമ്മതമോ ഉത്തരവോ ഇല്ലാതെ പകര്‍ത്തി എഴുതാനാണ് ഇവർ ആധാരങ്ങൾ വീട്ടിൽ കൊണ്ടുപോയിരുന്നത്.
മിനിയുടെ മൊബൈല്‍ പരിശോധിച്ചതില്‍ ആധാരം എഴുത്തുകാര്‍ അന്നേ ദിവസം ആയിരങ്ങള്‍ ഗൂഗിള്‍ പേ വഴി ഇടപട് നടത്തിയതായും കണ്ടെത്തി. കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥർക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് വിജിലൻസ് വ്യക്തമാക്കി.