കൈക്കൂലി: പുന്നപ്രയിൽ വില്ലേജ് അസിസ്റ്റന്റും ഫീൽഡ് അസിസ്റ്റന്റും പിടിയിൽ
Tuesday, February 27, 2024 7:49 PM IST
ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെയും ഫീൽഡ് അസിസ്റ്റന്റിനെയും വിജിലൻസ് പിടികൂടി. പുന്നപ്ര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് വിനോദ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അശോകൻ എന്നിവരാണ് പിടിയിലായത്.
പുന്നപ്ര സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള വസ്തു തരം മാറ്റുന്നതിന് കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസം വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച വസ്തു അളക്കുന്നതിന് വില്ലേജ് അസിസ്റ്റന്റും ഫീൽഡ് അസിസ്റ്റൻരും സ്ഥലത്ത് എത്തുകയും ഫയൽ റവന്യു ഡിവിഷനൽ ഓഫീസിൽ അയക്കണമെങ്കിൽ 5,000 രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
തുടർന്ന് അപേക്ഷകൻ വിവരം വിജിലൻസ് കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് വി.ജി. വിനോദ്കുമാറിനെ അറിയിച്ചു. ഇന്ന് വൈകിട്ട് വില്ലേജ് ഓഫീസിന് മുന്നിൽ വച്ച് വില്ലേജ് അസിസ്റ്റന്റ് വിനോദിന്റെ നിർദ്ദേശപ്രകാരം ഫീൽഡ് അസിസ്റ്റന്റ് അശോകൻ 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.
ആലപ്പുഴ വിജിലൻസ് ഡപ്യൂട്ടി സൂപ്രണ്ട് ഗിരീഷ് പി. സാരഥി, ഇൻസ്പെക്ടർമാരായ എം.കെ. പ്രശാന്ത് കുമാർ, ആർ. രാജേഷ് കുമാർ. ആർ.ജിംസ്റ്റെൽ, സബ് ഇൻസ്പെക്ടർ വസന്ത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജയലാൽ, സിവിൽ പോലീസ് ഓഫിസർമാരായ ശ്യാംകുമാർ, രഞ്ചിത്ത്, സനൽ, ലിജു, സുദീപ്, സുരേഷ്, റോമിയോ, അനീഷ്, മായ, നീതു, മധു കുട്ടൻ, നിതിൻ മാർഷൽ, സനീഷ്, വിമൽ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.