മൂന്നാർ കാട്ടാന ആക്രമണം: ഇടുക്കി എംപിയുടെ നിരാഹാരസമരം തുടരുന്നു
Wednesday, February 28, 2024 9:01 PM IST
ഇടുക്കി: മൂന്നാർ മേഖലയിലെ കാട്ടാന ആക്രമണത്തിനു ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി ആരംഭിച്ച നിരാഹാരസമരം തുടരുന്നു. മൂന്നാർ ഗാന്ധിപ്രതിമയ്ക്കു മുന്നിലാണ് എംപി അനിശ്ചിതകാല നിരാഹാരസമരം നടത്തുന്നത്.
മൂന്നാറിൽ സ്പെഷൽ ആർആർടിയെ നിയോഗിക്കുക, ജനവാസ മേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിലെ കാട്ടാനക്കൂട്ടത്തെ തുരത്തിയോടിക്കുക, വന്യജീവി ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ നഷ്ടമായവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് എംപിയുടെ സമരം. നേതാക്കളും കോണ്‍ഗ്രസ് പ്രവർത്തകരും അദ്ദേഹത്തോടൊപ്പം സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
ഇതിനിടെ ഡീൻ കുര്യാക്കോസിന്റെ സമരം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ തന്ത്രം മാത്രമാണെന്ന് സിപിഎം ആരോപിച്ചു. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സുരേഷ് കുമാറിന് അടിയന്തര നഷ്ടപരിഹാരം കൈമാറിയതിനു ശേഷം എംപി പെട്ടെന്ന് സമരമാരംഭിച്ചതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു.
മൂന്നാറിൽ കണ്ട്രോൾ റൂം തുറക്കാൻ ചൊവ്വാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്നു. വയനാട് മാതൃകയിൽ ആർആർടി സംവിധാനവും ആനകൾ കടന്നുപോകുന്ന പാതയിൽ ഡ്രോണ്‍ കാമറ നിരീക്ഷണവും ഏർപ്പെടുത്തും.
തിങ്കളാഴ്ച രാത്രി മൂന്നാർ കന്നിമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവറായ സുരേഷ് കുമാർ കൊല്ലപ്പെട്ടിരുന്നു. ഓട്ടോയിൽ യാത്ര ചെയ്ത മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.