ബിജെപിയെ പിന്തുണയ്ക്കാത്തവർ നരകത്തിൽ പോകുമെന്ന് ലോക്സഭാ എംപി
Thursday, February 29, 2024 5:58 AM IST
ഹൈദരാബാദ്: ബിജെപിയെ പിന്തുണച്ചില്ലെങ്കിൽ ജനങ്ങൾ നരകത്തിൽ പോകുമെന്ന വിവാദ പരാമർശവുമായി ലോക്സഭാ എംപി. നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയ പദ്ധതികളിൽ നിന്ന് നേട്ടമുണ്ടാക്കിയതിന് ശേഷം ബിജെപിയെ പിന്തുണയ്ക്കാതെയിരുന്നാൽ ജനങ്ങൾ നരകത്തിൽ പോകുമെന്നാണ് നിസാമാബാദിൽ നിന്നുള്ള ലോക്സഭാ എംപി ഡി. അരവിന്ദ് പറഞ്ഞത്.
വിജയ് സങ്കൽപ് യാത്രയിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്ന അദ്ദേഹം, ജനങ്ങളോട് "ഭക്ഷണം നൽകുന്ന കൈ കടിക്കരുത്' എന്നും പറഞ്ഞു.
നിങ്ങൾക്ക് സൗജന്യ ഭക്ഷണം, സൗജന്യ ഗ്യാസ്, നല്ല സ്കൂളുകൾ എന്നിവ ലഭിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുന്നു, വിവാഹത്തിന് പണം അയയ്ക്കുന്നു, സ്വയം സഹായ സംഘങ്ങൾക്ക് വായ്പ നൽകുന്നു, നരേന്ദ്ര മോദിയാണ് മുത്തലാഖ് നിർത്തലാക്കുകയും നിങ്ങളുടെ ആത്മാഭിമാനം ഉറപ്പാക്കുകയും ചെയ്തത്.
ഇതെല്ലാം കഴിഞ്ഞ്, നിങ്ങൾ കോൺഗ്രസിനോ ബിആർഎസിനോ വോട്ട് ചെയ്താൽ, ദൈവം നിങ്ങളെ നരകത്തിലേക്ക് കൊണ്ടുപോകും. നിങ്ങൾ സ്വർഗത്തിൽ പോകില്ല പകരം നിങ്ങൾ നരകത്തിൽ പോകുമെന്നാണ് ഞാൻ പറയുന്നത്, ഭക്ഷണം നൽകുന്ന കൈ കടിക്കരുത് നിങ്ങൾ.- ബിജെപി എംപി പറഞ്ഞു.
സ്വർഗത്തിൽ പോകേണ്ടവർ രാജ്യത്തിന് സേവനങ്ങൾ നൽകുകയും അത് സുരക്ഷിതമാക്കുകയും ചെയ്യുന്നവരെ പിന്തുണയ്ക്കുകയും അവർക്ക് വോട്ട് നൽകുകയും ചെയ്യണം. അല്ലെങ്കിൽ ദൈവവും നിങ്ങളോട് ക്ഷമിക്കില്ല. അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു.