പ്രതികളും ക്രൂരമായി ശിക്ഷിക്കപ്പെടണം; സിദ്ധാർഥിന്റെ വീട്ടിൽ സുരേഷ് ഗോപിയെത്തി
Sunday, March 3, 2024 7:11 AM IST
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളജിൽ റാഗിങ്ങിനെ തുടർന്ന് മരിച്ച സിദ്ധാർഥന്റെ വീട് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി സന്ദർശിച്ചു. ഇന്ന് പുലർച്ചെ ആറോടെയാണ് സിദ്ധാർഥന്റെ തിരുവനന്തപുരത്തെ വീട്ടിൽ സുരേഷ്ഗോപി ബിജെപി ജില്ലാ നേതാക്കൾക്കൊപ്പം എത്തിയത്.
സിദ്ധാർഥന്റെ പിതാവുമായി സംസാരിച്ച സുരേഷ് ഗോപി ബന്ധുക്കളെ ആശ്വസിപ്പിച്ചു. കേരളത്തിലെ മറ്റൊരു വിദ്യാർഥിക്കും ഇനി ഇത്തരമൊരു അനുഭവമുണ്ടാകരുത്. ഈ കുടുംബത്തോടൊപ്പം എല്ലായിപ്പോഴും താനുണ്ടാകും. ഏതു വിധത്തിലുള്ള സഹായവും തന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും സുരേഷ് ഗോപി വീട്ടുകാരെ അറിയിച്ചു.
സിദ്ധാർഥിന്റെ മരണം ദാരുണ സംഭവമെന്ന് സുരേഷ് ഗോപി പറഞ്ഞു. കേസ് സിബിഐ അന്വേഷിക്കണമെന്നും പ്രതികളും ക്രൂരമായി തന്നെ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സീനിയർ വിദ്യാർഥികളുടെ പീഡനത്തെ തുടർന്ന് ഇക്കഴിഞ്ഞ 18നാണ് സിദ്ധാർഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ 18 പ്രതികളും അറസ്റ്റിലായിരുന്നു. റാഗിംഗ് നിരോധന നിയമം, ആത്മഹത്യാ പ്രേരണ, മർദ്ദനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.