ആശ്വാസം; ഡിസംബര്‍, ജനുവരി മാസങ്ങളിലെ ബില്ലുകള്‍ പാസാക്കാൻ നിര്‍ദേശം
Thursday, March 14, 2024 4:46 PM IST
തിരുവനന്തപുരം: ബില്ലുകള്‍ പാസാക്കാൻ ട്രഷറികള്‍ക്ക് നിര്‍ദേശം നല്കി സര്‍ക്കാര്‍. ഡിസംബര്‍, ജനുവരി മാസങ്ങളിലെ എല്ലാ ബില്ലുകളും മാറാനുള്ള നിര്‍ദേശമാണ് ധനവകുപ്പ് നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറികളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ തുടര്‍ന്ന് ബില്ലുകള്‍ മാറി നല്‍കിയിരുന്നില്ല.
1303 കോടി രൂപയുടെ ബില്ലുകള്‍ മാറി നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ ബില്ലുകൾക്കടക്കം മുൻഗണനാ ക്രമത്തിൽ തുക വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിക്കിടെ ബില്ലുകള്‍ മാറാത്തതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
തദ്ദേശ സ്ഥാപനങ്ങളിലെ ബില്ലുകള്‍ ഉള്‍പ്പെടെ മാറാത്തതും പ്രതിസന്ധിക്കിടയാക്കിയിരുന്നു. സംസ്ഥാനത്തെ സ്കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്ക് വേതന വിതരണത്തിനായി 16.31 കോടി രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. 13,560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം നൽകുന്നതിനായാണ് തുക അനുവദിച്ചതെന്ന് ധനമന്ത്രി പറഞ്ഞു.
കേരളത്തിൽ സ്കൂൾ ഉച്ചഭക്ഷണ പാചക തൊളിലാളികൾക്ക് 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തിൽ 13,500 രുപവരെയാണ് വേതനം ലഭിക്കുന്നത്. ഇതിൽ കേന്ദ്ര വിഹിതം 600 രൂപമാത്രമാണ്. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽ നിന്നാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.