പുരാവസ്തു തട്ടിപ്പ് കേസ്; ഡിവൈഎസ്പി റസ്റ്റത്തിനെതിരെ വിജിലൻസ് അന്വേഷണം
Saturday, March 16, 2024 10:48 PM IST
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി റസ്റ്റത്തിനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി. കേസിന്റെ അന്വേഷണം വേഗത്തിലാക്കാൻ പണം കൈപ്പറ്റിയെന്ന പരാതിയിലാണ് റസ്റ്റത്തിനെതിരെ വിജിൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
കേസിലെ പരാതിക്കാരനായ യാകൂബ് പുതിയപുരയിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. ഉദ്യോഗസ്ഥനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.
ക്രൈംബ്രാഞ്ച് ഡിവൈസ്പി റസ്റ്റം 2021 നവംബറിൽ അനുമോൾ, ലിജോ എന്നിവരുടെ അക്കൗണ്ടിലൂടെ രണ്ടുതവണയായി 25000 രൂപയും, ഒരു ലക്ഷം രൂപ നേരിട്ടും കൈപ്പറ്റി എന്നാണ് പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരനായ യാക്കൂബിന്റെ പരാതി.
അന്വേഷണം നടത്തണമെങ്കിൽ പണം വേണമെന്ന് ഡിവൈഎസ്പി നിരന്തരം ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. പണം നൽകിയിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലാത്തത് ചോദ്യം ചെയ്തപ്പോൾ ഫോൺ വഴി ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്നും യാകൂബ് നൽകിയ പരാതിയിൽ പറയുന്നു.
ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സർക്കാരിനെയും വിജിലൻസ് കോടതിയെയും സമീപിച്ചിരുന്നെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല. തുടർന്നാണ് പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കേസ് തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കാൻ ഇരിക്കുകയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.