പാറശാല ഷാരോണ്‍ വധക്കേസ്; പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു
Monday, March 18, 2024 8:15 PM IST
തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസിലെ പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരെ കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് കുറ്റപത്രം പ്രതികൾക്ക് നൽകിയത്.
ഒക്ടോബർ മൂന്ന് മുതൽ കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങാനും കോടതി തീരുമാനിച്ചു. ഗ്രീഷ്മയുമായി പ്രണയത്തിലായിരുന്ന ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കൊടുത്തു കൊന്നുവെന്നാണ് കേസ്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, തെറ്റിദ്ധരിപ്പിക്കൽ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
2022 ഒക്ടോബര്‍ 14ന് ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തി ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊടുത്തു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഒക്ടോബര്‍ 25 നാണ് യുവാവ് മരിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ വിനീത് കുമാർ ഹാജരായി.
കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. കേരളത്തിൽ നടക്കുന്ന വിചാരണ കന്യാകുമാരിലെ ജെഎംഎഫ്സി കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയത്.