ഐഎസിന് ഐക്യദാർഢ്യം; ഐഐടി വിദ്യാർഥി പിടിയിൽ
Sunday, March 24, 2024 5:01 AM IST
ഗോഹട്ടി: ഭീകരസംഘടനയായ ഐഎസിൽ ചേരാൻ സമൂഹമാധ്യമങ്ങളിലൂടെ സന്നദ്ധതയറിയിച്ച ഗോഹട്ടി ഐഐടിയിലെ വിദ്യാർഥി കസ്റ്റഡിയിൽ. ഡൽഹി സ്വദേശിയായ നാലാം വർഷ ബയോടെക്നോളജി വിദ്യാർഥിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
അടുത്തിടെ ക്യാമ്പസിൽ നിന്നും കാണാതായ വിദ്യാർഥി സമൂഹമാധ്യമങ്ങളിലൂടെയും ഇമെയിലുകളിലൂടെയുമാണ് ഭീകരസംഘടനയിൽ ചേരാൻ സന്നദ്ധതയറിയിച്ചത്. ധുബ്രി ജില്ലയിൽ ഐഎസ് ഇന്ത്യയുടെ തലവൻ ഹാരിസ് ഫാറൂഖി അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് ഇത്.
തന്റെ തീരുമാനത്തിന്റെ കാരണം വ്യക്തമാക്കി ലിങ്ക്ഡ്ഇനിൽ തുറന്ന കത്ത് എഴുതിയതിനെത്തുടർന്ന് വിദ്യാർഥിക്കെതിരെ ലുക്ക്ഔട്ട് അലർട്ട് പുറപ്പെടുവിച്ചിരുന്നു. അന്വേഷണത്തിൽ ഗോഹട്ടിയിൽ നിന്ന് 30 കിലോമീറ്റർ അകലെ കാംരൂപ് ജില്ലയിലെ ഹാജോയിൽ നിന്നാണ് വിദ്യാർഥിയെ കണ്ടെത്തിയത്.