ഗർഭിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല: യുവതി ഗേറ്റിന് സമീപം പ്രസവിച്ചു; ഡോക്ടർമാർക്ക് സസ്പെൻഷൻ
Friday, April 5, 2024 6:07 AM IST
ജയ്പുർ: ഗർഭിണിയായ സ്ത്രീക്ക് ആശുപത്രിയിൽ പ്രവേശനം നിഷേധിക്കുകയും ഇതേതുടർന്ന് ഇവർ ആശുപത്രിയുടെ ഗേറ്റിന് സമീപം കുഞ്ഞിന് ജന്മം നൽകുകയും ചെയ്ത സംഭവത്തിൽ ഡോക്ടർമാർക്കെതിരെ നടപടി. ആശുപത്രിയിലെ മൂന്ന് റസിഡന്റ് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു.
കൻവാതിയ ആശുപത്രിയിലെ മൂന്ന് റസിഡൻ്റ് ഡോക്ടർമാരായ കുസും സൈനി, നേഹ രജാവത്ത്, മനോജ് എന്നിവരെ ഗുരുതരമായ അശ്രദ്ധയും വിവേകശൂന്യതയും കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്തതായി പ്രസ്താവനയിൽ പറയുന്നു.
വിഷയം പുറത്തുവന്നതിനെത്തുടർന്ന് അന്വേഷണ സമിതിയെ ഉടനടി പ്രാബല്യത്തിൽ വരുത്തിയതായി മെഡിക്കൽ വിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറി ശുഭ്ര സിംഗ് പറഞ്ഞു. അനാസ്ഥയ്ക്ക് കൻവാതിയ ആശുപത്രി സൂപ്രണ്ട് ഡോ. രാജേന്ദ്ര സിംഗ് തൻവാറിനും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
ബുധനാഴ്ച ഗർഭിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ വന്നതോടെയാണ് സംഭവം. പുറത്തേക്ക് നടക്കുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയുടെ ഗേറ്റിന് സമീപം കുഞ്ഞിന് ജന്മം നൽകുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.