സുരേഷ് ഗോപിക്ക് തിരിച്ചടി; പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ് റദ്ദാക്കില്ല
Friday, April 5, 2024 5:06 PM IST
കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സുരേഷ് ഗോപിയുടെ ഹർജികൾ എറണാകുളം എസിജെഎം കോടതി തള്ളി.
വ്യാജവിലാസം ഉപയോഗിച്ച് വാഹനം റജിസ്റ്റർ ചെയ്ത് സുരേഷ് ഗോപി നികുതി വെട്ടിച്ചെന്നാണ് കേസ്. 2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തത്.
ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം. പുതുച്ചേരിയിലെ കൃഷിയിടത്തിന്റെ വിലാസത്തിലാണു കാറുകൾ രജിസ്റ്റർ ചെയ്തുവെന്നാണ് സുരേഷ് ഗോപി ക്രൈംബ്രാഞ്ചിനു മൊഴിനൽകിയത്.
എന്നാൽ ആ വിലാസത്തിൽ പുതുച്ചേരിയിൽ ഭൂമി ഇല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.കേസിന്റെ വിചാരണ നടപടികൾ മേയ് 28ന് ആരംഭിക്കും.