പാനൂര്‍ സ്ഫോടനം: സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്; തെര.കമ്മീഷന് കത്ത് നല്കി
Friday, April 12, 2024 12:49 PM IST
തിരുവനന്തപുരം: പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഇക്കാര്യം ഉന്നയിച്ച് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസന് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കി.
സുതാര്യവും സുരക്ഷിതവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷൻ ഇടപെടണമെന്നാണ് കത്തില്‍ പറയുന്നത്. തെരഞ്ഞെടുപ്പിനെ മുഖ്യമന്ത്രിയും സിപിഎമ്മും വര്‍ഗീയവത്കരിക്കുകയും അക്രമവത്കരിക്കുകയും ചെയ്യുകയാണ്.
പാനൂര്‍ സ്ഫോടനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎമ്മും പ്രതികളെ പിന്തുണയ്ക്കുന്നു. അതിനാല്‍ വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിക്കാനാണ് പാനൂരില്‍ ബോംബ് നിര്‍മിച്ചതെന്ന് ഹസന് മാധ്യമങ്ങളോട് പറഞ്ഞു. വഴിപിഴച്ചു പോയ മകനെ തള്ളിപ്പറയുന്നത് പോലെ സിപിഎം ഡിവൈഎഫ്ഐയെ തള്ളിപ്പറയുന്നു. അക്രമിക്കൂട്ടങ്ങള്‍ പോഷക സംഘടനകള്‍ അല്ലെങ്കില്‍ പിരിച്ചുവിട്ടു കൂടേ എന്നും അദ്ദേഹം ചോദിച്ചു.