കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടി വച്ചേക്കും; നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ
Friday, April 12, 2024 1:36 PM IST
കോതമംഗലം: കോട്ടപ്പടിയില്‍ കിണറ്റില്‍ വീണ് കിടക്കുന്ന കാട്ടാനയെ കരയ്ക്കെത്തിക്കാന്‍ വൈകുമെന്ന് സൂചന. മണിക്കൂറുകളായി കിണറിടിച്ച് കരയ്ക്ക് കയറാനുള്ള ആനയുടെ ശ്രമം ഇതുവരെ വിജയം കണ്ടില്ല.
ഇതോടെ കിണറ്റിലെ വെള്ളം വറ്റിച്ച ശേഷം ആനയെ മയക്കുവെടി വയ്ക്കാനാണ് ആലോചന. എന്നാല്‍ മയക്കുവെടി വച്ച് പിടികൂടിയ ശേഷം ആനയെ എവിടേക്കാണ് മാറ്റേണ്ടെന്ന കാര്യത്തില്‍ തീരുമാനമായില്ല.
ഉച്ച സമയമായതിനാല്‍ മയക്കുവെടിവയ്ക്കുന്നത് പ്രായോഗികമല്ല. കരയ്ക്ക് കയറാനുള്ള ആനയുടെ ശ്രമം വിജയിച്ചില്ലെങ്കില്‍ വൈകുന്നേരത്തോടെ വെള്ളം വറ്റിച്ച ശേഷം ആനയെ മയക്കുവെടി വയ്ക്കും.
ഏത് സമയത്തും ആന കരയ്ക്ക് കയറാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് നാല് വാര്‍ഡുകളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
അതേസമയം നഷ്ടപരിഹാരം വേണമെന്ന ആവശ്യമുന്നയിച്ച് സ്ഥലത്ത് പ്രദേശവാസികള്‍ പ്രതിഷേധം തുടരുകയാണ്. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി.