ഇറാൻ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ
Saturday, April 13, 2024 4:36 AM IST
ടെൽ അവീവ്: ഇറാൻ ആക്രമിച്ചേക്കുമെന്ന റിപ്പോർട്ടിനെത്തുടർന്ന് ഇസ്രയേൽ തങ്ങളുടെ പൗരൻമാർക്ക് ജാഗ്രതാ നിർദേശം നൽകി. ഇറാന്റെ ഏതു ഭീഷണിയേയും നേരിടാനും ഏറ്റുമുട്ടലിനും തയാറാണെന്ന് ഇസ്രയേൽ അറിയിച്ചു.
ഏപ്രിൽ ഒന്നിനാണ് ഡമാസ്കസിലെ ഇറാന്റെ നയതന്ത്രകാര്യാലയത്തിൽ വ്യോമാക്രമണം നടത്തി രണ്ടു ജനറൽമാരുൾപ്പെടെ 12 പേരെ ഇസ്രയേൽ വധിച്ചിരുന്നു. ഇതിനു പകരംവീട്ടുമെന്ന് ഇറാനും, അങ്ങനെ സംഭവിച്ചാൽ തിരിച്ചടിക്കുമെന്ന് ഇസ്രയേലും പ്രസ്താവിച്ചിരുന്നു.
ആക്രമണം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പശ്ചിമേഷ്യയിലെ തങ്ങളുടെ സേനാതാവളങ്ങളില്‍ യുഎസും സുരക്ഷ ശക്തമാക്കി. ആക്രമണമുണ്ടായാൽ ഇസ്രയേലിന്റെ സഹായത്തിനെത്തുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനുമായി സംഘർഷം നിലനിൽക്കെ വടക്കൻ, മധ്യ ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രയേൽ സേന ആക്രമണം ശക്തമാക്കി. മധ്യ ഗാസയിലെ നുസീറത്തിലെ അഭയാർഥി ക്യാന്പിൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇറാന് - ഇസ്രയേല്‍ സംഘർഷ സാധ്യത നിലനിൽക്കേ ഈ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇവിടങ്ങളിലുള്ള ഇന്ത്യക്കാരോടു ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനും പേര് രജിസ്റ്റർ ചെയ്യാനും നിർദേശിച്ചു.