"രാജകീയ മാന്ത്രികൻ'; ദാരിദ്ര്യം തുടച്ചു നീക്കുമെന്ന് പറഞ്ഞ രാഹുലിനെ പരിഹസിച്ച് മോദി
Sunday, April 14, 2024 6:19 PM IST
ന്യൂഡൽഹി: ഒറ്റയടിക്ക് ദാരിദ്ര്യം തുടച്ചുനീക്കുമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജകീയ മാന്ത്രികൻ എന്ന് രാഹുലിനെ വിമർശിച്ചു കൊണ്ടായിരുന്നു മോദിയുടെ പരിഹാസം.
ഒറ്റയടിക്ക് രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കുമെന്ന പ്രസ്താവനയിലൂടെ കോൺഗ്രസ് എംപി രാജ്യത്തെ അമ്പരപ്പിച്ചുവെന്നും ഈ മാന്ത്രികൻ ഇത്രയും വർഷം എവിടെയാണ് ഒളിച്ചിരുന്നതെന്നാണ് രാജ്യം ചോദിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
മധ്യപ്രദേശിലെ ഹോഷംഗബാദിൽ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി. 2014നു മുമ്പ് 10 വർഷം അവരാണ് രാജ്യം ഭരിച്ചിരുന്നത്. ഇപ്പോൾ അവർക്ക് ഒരു മന്ത്രം ലഭിച്ചെന്നു പറയുന്നു. ഇത് പാവപ്പെട്ടവരെ പരിഹസിക്കുന്നതിന് തുല്യമല്ലേയെന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യ മുന്നണിയുടെ പ്രകടന പത്രികയിൽ അപകടകരമായ നിരവധി വാഗ്ദാനങ്ങളുണ്ടെന്നും രാജ്യത്തെ സാമ്പത്തികമായി പാപ്പരാക്കുന്നതാണ് അവരുടെ പ്രകടനപത്രികയെന്നും മോദി വിമർശിച്ചു.