ഇസ്രയേൽ-ഇറാൻ സംഘർഷം; സാഹചര്യം സൂക്ഷമമായി വീക്ഷിക്കുന്നുവെന്ന് എസ്. ജയശങ്കർ
Monday, April 15, 2024 6:57 AM IST
ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷവുമായി ബന്ധപ്പെട്ട് ഇസ്രയേൽ വിദേശകാര്യ മന്ത്രിയുമായി ആശങ്ക പങ്കുവച്ച് കേന്ദ്രമന്ത്രി മന്ത്രി എസ്. ജയശങ്കർ. ടെലിഫോണിലൂടെയാണ് ഇരുവരും ബന്ധപ്പെട്ടത്.
“ഇസ്രായേലും ഇറാനും തമ്മിലുള്ള ശത്രുത വർധിക്കുന്നത് മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്നതിൽ ഞങ്ങൾക്ക് ഗൗരവമായ ആശങ്കയുണ്ട്.” ചർച്ചയ്ക്ക് പിന്നാലെ വിദേശകാര്യ മന്ത്രാലയം (എംഇഎ) പ്രതികരിച്ചു.
ഉടൻ സംഘർഷം കുറയ്ക്കാനും സംയമനം പാലിക്കാനും അക്രമത്തിൽ നിന്ന് പിന്മാറാനും നയതന്ത്രത്തിന്റെ പാതയിലേക്ക് മടങ്ങാനും ഞങ്ങൾ ആവശ്യപ്പെടുന്നു. പശ്ചിമേഷ്യയിലെ വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സാഹചര്യം ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മേഖലയിലെ ഇന്ത്യൻ എംബസികൾ ഇന്ത്യൻ സമൂഹവുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
മേഖലയിൽ സുരക്ഷയും സ്ഥിരതയും നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഇറാൻ പ്രധാനമന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാനുമായും എസ്. ജയശങ്കർ സംസാരിച്ചു.
സ്ഥിതിഗതികൾ ഉടനടി ഒഴിവാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മേഖലയിലെ തങ്ങളുടെ എംബസികൾ മേഖലയിലെ ഇന്ത്യൻ പൗരന്മാരുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും എസ്. ജയശങ്കർ അറിയിച്ചു.