പ്രസക്തിയില്ലാത്ത കടലാസ് കഷണങ്ങൾ; കോൺഗ്രസ് പ്രകടന പത്രികയെ പരിഹസിച്ച് മന്ത്രി എസ്. ജയശങ്കർ
Tuesday, April 16, 2024 5:28 AM IST
ബംഗളൂരു: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ രംഗത്ത്. യാതൊരു പ്രസക്തിയുമില്ലാത്ത കുറച്ച് കടലാസ് കഷണം മാത്രമാണ് കോൺഗ്രസിന്റെ പ്രകടനപത്രികയെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് നാനൂറ് സീറ്റ് ലഭിച്ചാൽ ഭരണഘടന മാറ്റുമെന്ന കോൺഗ്രസിന്റെ അവകാശവാദം തോൽവി ഭയന്നുകൊണ്ടുള്ളതാണെന്നും ബിജെപി ഇത്തവണ നാനൂറ് സീറ്റുകൾ കടക്കുമെന്ന് കോൺഗ്രസ് സമ്മതിച്ചതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
യുപിഎ ഭരണകാലത്ത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ രാഹുൽ ഗാന്ധി അവഹേളിച്ചു. പാർട്ടി ഒരു കുടുംബ സംരംഭമായതിനാലാണ് മൻമോഹൻ സിംഗിന് ഇൗ അവസ്ഥവന്നത്.
തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും ദക്ഷിണേന്ത്യയിൽ ബിജെപി മികച്ച വിജയം നേടുമെന്നും ജയശങ്കർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.