ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
Friday, April 19, 2024 10:17 AM IST
തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസില്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന് ഇന്ന് തിരുവനന്തപുരം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരാകും. കേസിൽ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് ജെയിംസ് സമർപ്പിച്ച ഹർജിയിൽ കോടതി ഉത്തരവ് പ്രകാരമാണിത്.
ജെസ്നയുടെ രക്തക്കറകള്‍ അടങ്ങിയ വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയതായി ജെസ്നയുടെ പിതാവ് ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം അറിയില്ലെന്നാണ് സിബിഐ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത്. ഇതില്‍ വ്യക്തത വരുത്താനാണ് അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്.
ജെസ്ന കേസില്‍ സുപ്രധാനമായ ഒട്ടേറെകാര്യങ്ങള്‍ സിബിഐ അന്വേഷിച്ചില്ലെന്ന് ആരോപിച്ചാണ് പിതാവ് ഹര്‍ജി ഫയല്‍ ചെയ്തത്. ജെസ്നയുടെ സുഹൃത്തുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടത്തിയില്ല. കാണാതാകുന്നതിന് മുന്‍പ് ജെസ്ന എന്‍എസ്എസ് ക്യാമ്പില്‍ പങ്കെടുത്തിരുന്നു ഇതുസംബന്ധിച്ചും അന്വേഷമുണ്ടായില്ല. പുലിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്കു വച്ചാണ് ജെസ്നയെ കാണാതാകുന്നതെന്നും ഈ സ്ഥലങ്ങളിൽ സിബിഐ അന്വേഷണം എത്തിയില്ലെന്നും പിതാവ് സമർപ്പിച്ച ഹർജിയിൽ പറയുന്നു.
ഹർജിയിലെ ആരോപണങ്ങൾ അടക്കം സിബിഐ അന്വേഷിച്ചിരുന്നു. ജെസ്നയെ കൂടെ പഠിച്ച സുഹൃത്ത് ചതിച്ചു ദുരുപയോഗം ചെയ്തു എന്നത് ആരോപണം മാത്രമാണ്. ജെസ്ന ഗർഭിണി ആയിരുന്നില്ലെന്ന് ജെസ്നയെ പരിശോധിച്ച ഡോ. ലിസമ്മ ജോസഫ് മൊഴി നൽകിയിട്ടുണ്ട്.
സ്കൂളിലും കോളജിലും പഠിക്കുന്ന കാലത്ത് ജെസ്ന അധ്യാപകരോടു പോലും കൂടുതൽ സംസാരിക്കാറുണ്ടായിരുന്നില്ല. കൃത്യതയോടുകൂടി തന്നെയാണ് അന്വേഷണം പൂർത്തിയാക്കിയത് എന്നും റിപ്പോർട്ടിൽ പറയുന്നു.
2018 മാർച്ച് 22ന് കൊല്ലമുളയിലെ സ്വന്തം വീട്ടിൽ നിന്ന് പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കു പോകുന്നതിനിടെയാണ് ജെസ്നയെ കാണാതായത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും തുന്പൊന്നും ലഭിക്കാതെ വന്നതോടെ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.