കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല: സീതാറാം യെച്ചൂരി
Friday, April 19, 2024 8:01 PM IST
പത്തനംതിട്ട: മോദിക്കെതിരായ പ്രക്ഷോഭത്തിൽ സിപിഎം ആണ് എപ്പോഴും മുന്നിൽ നിൽക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിൽ അക്കൗണ്ട് തുറക്കും എന്നത് ബിജെപിയുടെ അവകാശവാദം മാത്രമാണ്.
അതൊന്നും നടക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു. എന്തുകൊണ്ട് കേരള മുഖ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്യുന്നില്ല എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അപലപനീയമാണ്.
ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ അത് അപകടമാണ്. ബിജെപിയെയോ എൽഡിഎഫിനെയോ ആരെയാണ് പരാജയപ്പെടുത്താൻ ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. സിഎഎക്കെതിരെ ഒന്നിച്ചുള്ള പ്രക്ഷോഭത്തിൽ യുഡിഎഫ് നേതാക്കളെ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് വോട്ട് ചെയ്യുന്നത് ബിജെപിക്ക് കൊടുക്കുന്നത് പോലെയാണ്. ജനാധിപത്യ നിലപാട് ഉള്ളത് എൽഡിഎഫിന് മാത്രമാണ്. ഇലക്ടറൽ ബോണ്ട് നിരസിച്ച ഒരേ ഒരു പാർട്ടി സിപിഎമ്മാണ്.
ഇലക്ടറൽ ബോണ്ട് നൽകാത്ത കമ്പനികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുകയായിരുന്നു കേന്ദ്ര സര്ക്കാര്. മാഫിയ രീതിയിൽ ജനാധിപത്യത്തെ ഇല്ലാതാക്കുകയായിരുന്നു. അഴിമതി-വർഗീയ കൂട്ട് കെട്ട് രാജ്യത്തെ കൊള്ളയടിച്ചെന്നും യെച്ചൂരി പറഞ്ഞു.